കൊഴിഞ്ഞാന്പാറയിലെ വിമതരെ അനുനയിപ്പിക്കാൻ സിപിഎം നീക്കം
1491450
Wednesday, January 1, 2025 3:40 AM IST
പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ വിമതരെ അനുനയിപ്പിക്കാന്‍ സിപിഎം ജില്ലാനേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വിമതരെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിനു ജില്ലാ നേതൃത്വം നേരിട്ടുചര്ച്ചകൾ തുടങ്ങിയത്.
ജില്ലാ സമ്മേളനം വരെ കാത്തുനിന്നാൽ കൂടുതൽ പൊട്ടിത്തെറികളുണ്ടാകുമെന്ന തിരിച്ചറിവിലാണ് ജില്ലാ നേതൃത്വം വിമതരെ തണുപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിനിടെ ഒന്നിലധികം ചർച്ചകൾ നടന്നതായും സൂചനയുണ്ട്.
മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഒപ്പം നില്‍ക്കാമെന്ന നിലപാടിലാണു വിമതര്‍. ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാതെ വിമത കണ്വന്ഷന് വിളിച്ചുചേർത്തും പ്രത്യേക സംഗമങ്ങളൊരുക്കി ഡിവൈഎഫ്ഐയും വിമതശക്തി തെളിയിക്കുന്നതിനിടെയാണ് നേതൃത്വത്തിന്റെ അനുനയനീക്കം.
നേരത്തെ ചിറ്റൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ്, മുന്‍ ലോക്കല്‍ സെക്രട്ടറി വി. ശാന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ -ഏരിയാ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വിമതര്‍ രംഗത്തെത്തിയത്. ഇരുകൂട്ടർക്കും സമ്മതനായ ഒരാളെ മധ്യസ്ഥനാക്കിയാണ് ഇപ്പോൾ ചർച്ചകൾ കൊഴുക്കുന്നത്.
കൊഴിഞ്ഞാമ്പാറ - ഒന്ന് ലോക്കല്‍ സെക്രട്ടറിയെ മാറ്റാതെ ഒത്തു തീര്‍പ്പിനില്ലെന്ന നിലപാടിലാണ് വിമതര്‍. ഇതിനു തീരുമാനമുണ്ടായാൽ വിമതസ്വരം അടങ്ങുമെന്നാണ് സൂചനകൾ.