പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ പൂട്ടി: ട്രെയിനുകളുടെ സ്റ്റോപ്പും പിൻവലിച്ചു
1491452
Wednesday, January 1, 2025 3:40 AM IST
ഒറ്റപ്പാലം: പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ പൂട്ടി. നടത്തിപ്പിന് ആളെ കണ്ടെത്താനുള്ള റെയിൽവേയുടെ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെയാണ് സ്റ്റേഷൻ അടച്ചുപൂട്ടിയത്.
ഇതോടുകൂടി ട്രെയിനുകളുടെ സ്റ്റോപ്പുകളും നിർത്തലാക്കി. രണ്ടുതവണ അപേക്ഷ ക്ഷണിച്ചിട്ടും നടത്തിപ്പിനായി ആരും മുന്നോട്ടുവന്നിരുന്നില്ല.
ഇതോടെ സ്റ്റേഷൻ നിലനിർത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി. നേരത്തെയുണ്ടായിരുന്ന ഏജന്റിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നു ഏറ്റെടുക്കാനാളില്ലാത്ത സാഹചര്യത്തിലാണ് റെയിൽവേ കമേഴ്സ്യൽ വിഭാഗം രണ്ടാംതവണയും അപേക്ഷ ക്ഷണിച്ചത്.
അപേക്ഷനൽകാനുള്ള കാലാവധി പൂർത്തിയായെങ്കിലും ആരും അപേക്ഷ നൽകിയില്ല. വരുമാനത്തിന്റെ നിശ്ചിതശതമാനമാണ് കമ്മീഷനായി ഹാൾട്ട് സ്റ്റേഷൻ നടത്തുന്ന ഏജന്റിനു ലഭിക്കുക. ദീർഘദൂര ട്രെയിനുകൾ നിർത്താത്ത സ്റ്റേഷനിൽ ദിവസേന ആകെ 200 രൂപയാണ് ടിക്കറ്റിനത്തിൽ ലഭിക്കുന്നത്.
അത്രയും കുറച്ചുതുക ലഭിക്കുന്നത് ഏജന്റിനെ സംബന്ധിച്ച് നഷ്ടമായിരുന്നു. വരുമാനംകുറഞ്ഞ സ്റ്റേഷനിൽ പ്രതിഫലം കുറയുമെന്ന സാഹചര്യത്തിലാണ് ആരും ഏറ്റെടുക്കാൻ തയാറാകാത്തത്.
സ്റ്റേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ ഡിവിഷണൽ റെയിൽവേ മാനേജരെ സമീപിച്ചതിന് പിന്നാലെയായിരുന്നു പുതിയ കരാറുകാരനെ കണ്ടെത്താൻ രണ്ടാംതവണയും ശ്രമം.
പുതുവർഷത്തിനുമുൻപ് സ്റ്റേഷൻ പ്രവർത്തനത്തിന് ആളെ കണ്ടെത്താനായിരുന്നു റെയിൽവേയുടെ നീക്കം. ദിവസവും ഒമ്പതു ട്രെയിനുകൾക്കാണ് പാലപ്പുറത്ത് സ്റ്റോപ്പുള്ളത്. സ്റ്റേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എംപിയും നേരത്തെ റെയിൽവേയെ സമീപിച്ചിരുന്നു.