കാട്ടാനശല്യം രൂക്ഷം: നെന്മാറ പഞ്ചായത്തിലെ കർഷകർ ആലോചനായോഗം ചേർന്നു
1491451
Wednesday, January 1, 2025 3:40 AM IST
നെന്മാറ: കാട്ടാനങ്ങൾ തുടർച്ചയായി കൃഷിനാശം വരുത്തിയ നെന്മാറ പഞ്ചായത്തിലെ കർഷകർ യോഗം ചേർന്നു. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെന്മാറ പഴതറക്കാടാണ് കൂടിയാലോചനാ യോഗം നടന്നത്.
കണ്ണോട്, അരാക്കുളമ്പ്, പൊന്മല, എലന്തക്കുളമ്പ്,അളുവശ്ശേരി മനങ്ങോട്, തേവർമണി എന്നീ പാടശേഖരസമിതികളിലെ അറുപതോളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. എലവഞ്ചേരി മുതൽ പോത്തുണ്ടി വരെ സൗരോർജവേലി സ്ഥാപിക്കുക, കൃഷിനാശം നേരിട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, കാലഹരണപ്പെട്ട വനനിയമങ്ങൾ പരിഷ്കരിക്കുക, നെല്ലിന്റെ ഇൻസെന്റീവ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
വന്യജീവി ശല്യത്തിന് സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമര പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. കർഷക സംരക്ഷണ സമിതി രക്ഷാധികാരി ചിദംബരൻ കുട്ടി മാസ്റ്റർ, സംസ്ഥാന പ്രസിഡന്റ് വിജയൻ, സെക്രട്ടറി എ. പ്രഭാകരൻ, ശിവാനന്ദൻ, മനോഹരൻ, കെ. സുരേഷ്, കെ.സുദേവൻ. സ്വാമിനാഥൻ, എൻ.ജി. ഭൂപതി രതീഷ്, മോഹനൻ, മുരളി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സംസ്ഥാന റോളർ സ്കേറ്റിംഗ്, ഹോക്കി ചാമ്പ്യൻഷിപ്പ് എന്നിവയിൽ മെഡൽ ജേതാക്കളായ ശ്രീജിൽ, ശ്രീചരൺ, ആർ. ദിയ എന്നിവരെ ആദരിച്ചു.