കർഷകർക്കു ബോധവത്കരണവുമായി കോളജ് വിദ്യാർഥികൾ
1491760
Thursday, January 2, 2025 1:14 AM IST
കോയന്പത്തൂർ: അരസന്പാളയം അമൃത കാർഷിക കോളജിലെ നാലാംവർഷ വിദ്യാർഥികൾ ഗ്രാമവികസന പരിശീലന പ്രോഗ്രാമിന്റെ ഭാഗമായി കുളത്തുപാളയം പ്രദേശത്തെ കർഷകർക്കായി വിവിധയിനം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
അസോള പായൽ ഉപയോഗിച്ച് നിർമിക്കുന്ന കന്നുകാലികൾക്കായുള്ള തീറ്റകളെ പറ്റിയും, കൃഷിയിൽ സഹായിക്കുന്ന രണ്ട്തരം മൊബൈൽ ഫോണ് ആപ്ലിക്കേഷനുകളെ പറ്റിയും കർഷകരുമായി ചർച്ച ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകർക്കായുള്ള വിവിധ തരം സ്കീമുകളെ പറ്റി കർഷകരെ ബോധവാന്മാരാക്കി. ആര്യവേപ്പില ഉപയോഗിച്ച് തയ്യാറാക്കുന്ന നീമസ്ത്ര എന്ന കീടനാശിനിയെ പറ്റി വിദ്യാർഥികൾ കർഷകരെ ബോധവാൻമാരാക്കി.
കിനാത്തുകടവിലെ പതിനഞ്ചോളം കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്. കോളജ് പ്രിൻസിപ്പൽ ഡീൻ ഡോ. സുധീശ് മനാൽ, അധ്യാപകരായ ഡോ. ശിവരാജ്, ഡോ. സത്യപ്രിയ, ഡോ. റീന, ഡോ. നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളായ മഹ, സുഭ, അക്കാൻഷ, ദർശന, ലക്ഷ്യ, മുരളി, അഭിരാം, പൂർണ, സജിനി, ആർദ്ര, ബ്രിജിത് എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.