അനാഥരായ കുരുന്നുകൾക്കു ക്രിസ്മസ് സമ്മാനമായി കെട്ടുറപ്പുള്ള വീട്
1491761
Thursday, January 2, 2025 1:14 AM IST
അഗളി: പ്ലാസ്റ്റിക് തുണ്ടുകളും പ്ലാസ്റ്റിക് ചാക്കുകളും വലിച്ചുകെട്ടി പാറയുടെ മുകളിൽ കുടിൽകെട്ടി കഴിഞ്ഞിരുന്ന മൂന്ന് അനാഥകുരുന്നുകൾക്ക് ഇനി അട്ടപ്പാടിയിലെ നന്മ കൂട്ടായ്മയുടെ പുത്തൻഭവനത്തിൽ അന്തിയുറങ്ങാം. 2020 മേയ് മാസത്തിൽ പിതാവ് ചന്ദ്രൻ മാതാവ് ശാന്തയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതോടെയാണ് കുരുന്നുകൾ അനാഥരായത്.
മുക്കാലി പൊന്മല ക്ഷേത്രത്തിനുസമീപം പാറയുടെ മുകളിൽ വലിച്ചുകെട്ടിയ ഷെഡ്ഡിൽ ആയിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ചന്ദ്രന്റെ ആദ്യഭാര്യയിലെ മകൾ ദേവകിയും ഭർത്താവ് രാജനുമായിരുന്നു കുട്ടികൾക്ക് ആശ്രയം. മൂത്തകുട്ടി മനോജ് കൂക്കംപാളയം സ്കൂളിൽ ഏഴാം ക്ലാസിലും രണ്ടാമൻ രമേശ് ആറാംക്ലാസിലും ഇളയകുട്ടി സുനിത കക്കുപ്പടി രണ്ടാം ക്ലാസിലും പഠിക്കുന്നു. കുട്ടികളുടെ ദുരിത ജീവിതം ശ്രദ്ധയിൽപ്പെട്ട കൂക്കംപാളയം സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി സംഭവം അട്ടപ്പാടിയിലെ നന്മ കൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നന്മ കൂട്ടായ്മ ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് കുട്ടികളുടെ ദയനീയസ്ഥിതി കണ്ടറിയുകയും ഉടൻതന്നെ പുതിയ വീടിനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു.
അഗളി സ്വദേശി ബിനു എസ്. നായർ വീട് വയ്ക്കുന്നതിനായി കോട്ടത്തറയിൽ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകി. കുട്ടികൾക്കു പ്രായപൂർത്തിയാകാത്തതിനാൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി രക്ഷകർത്താവായി ഭൂമി രജിസ്റ്റർ ചെയ്തു.
പ്രായപൂർത്തിയാകുമ്പോൾ മൂന്നുപേർക്കും തുല്യ അവകാശം ലഭിക്കുംവിധമാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത്.
നന്മ കൂട്ടായ്മയും കോയമ്പത്തൂർ റോട്ടറി ക്ലബ്ബും അട്ടപ്പാടി മിഷന്റെ അഭ്യുദയകാംക്ഷിയുമായ ജോസ് ആൻഡ് ലയന കുടുംബവും ചേർന്നാണ് ഭവനനിർമാണം നടത്തിയത്.
കഴിഞ്ഞദിവസം നന്മ കൂട്ടായ്മ പ്രസിഡന്റ് ഫാ. യൂഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പ ഭവനത്തിന്റെ താക്കോൽ കുഞ്ഞുങ്ങൾക്ക് കൈമാറി. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ ഷാനവാസ് ഖാൻ, ഷോളയൂർ പോലീസ് സബ് ഇൻസ്പെക്ടർ ഫൈസൽ കോറോത്ത്, ബിനു എസ്. നായർ, ജോസ്, ലയന എന്നിവർ നാടമുറിച്ച് ഗൃഹപ്രവേശം നടത്തി. തുടർന്ന് വീടിന്റെ പാലുകാച്ചൽ ചടങ്ങും നടന്നു. കുട്ടികളുടെ സ്കൂൾ അധ്യാപകർ, സഹപാഠികൾ, സെന്റ് ജെയിംസ് സ്കൂളിലെ അധ്യാപകർ, നന്മ കൂട്ടായ്മ പ്രവർത്തകർ, കോയമ്പത്തൂർ റോട്ടറി ക്ലബ് ഭാരാഹികൾ, പ്രദേശവാസികൾ ചടങ്ങിൽ പങ്കെടുത്തു.