മുണ്ടകൻ സീസണിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 950 ഏക്കറിൽ ഡ്രോൺ വളപ്രയോഗം
1491449
Wednesday, January 1, 2025 3:40 AM IST
നെന്മാറ: നെൽപ്പാടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്ന പദ്ധതിക്ക് തുടക്കമായി. നെന്മാറ കൃഷിഭവൻ പരിധിയിൽ പൂക്കോട്ടുപാടം പാടശേഖരസമിതിയിലെ 60 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സൂക്ഷ്മമൂലകങ്ങൾ അടങ്ങിയ സമ്പൂർണ പാഡി മിക്സാണ് നെൽച്ചെടികളിൽ തളിക്കുന്നത്.
മുൻ വർഷകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെ മുണ്ടകൻ സീസണിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കൃഷി ഭവനുകളിലെ 950 ഏക്കർ സ്ഥലത്ത് ഡ്രോൺ മുഖേന സൂക്ഷ്മ മൂലകങ്ങളും നാനോ യൂറിയയും സ്പ്രേയിംഗ് നടത്തുമെന്ന് നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. അമൃത അറിയിച്ചു. ഡ്രോൺ സ്പ്രേയിംഗിന്റെ പഞ്ചായത്തുതലം ഉദ്ഘാടനം നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഇഷ ദിവാകരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫിസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റ് വി. ലിഖിത, ജെ. അജ്മൽ സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് കെ. പങ്കജാക്ഷൻ, സെക്രട്ടറി എം. രാമൻകുട്ടി, വി. സുധാകരൻ, കെ. ശിവരാമൻ, വി. ഉണ്ണികൃഷ്ണൻ വിവിധ പാടശേഖര സെക്രട്ടറിമാർ പങ്കെടുത്തു.