വൈദികർ ദൈവികദൗത്യം നിറവേറ്റാൻ വിളിക്കപ്പെട്ടവർ: മാർ മനത്തോടത്ത്
1491447
Wednesday, January 1, 2025 3:40 AM IST
കല്ലടിക്കോട്: വൈദികർ ദൈവികദൗത്യം നിറവേറ്റാൻ വിളിക്കപ്പെട്ടവരാണെന്നു പാലക്കാട് രൂപത ബിഷപ്പ് എമരിറ്റ്സ് മാർ ജേക്കബ് മനത്തോടത്ത്.
മാമോദീസയിലൂടെ ദൈവജനം മുഴുവൻ വൈദികഗണമായി തീരുന്നുവെന്നും വൈദികൻ ദൈവഹിതം അനുസരിച്ച് അജഗണത്തെ പരിപാലിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും മാർ മനത്തോടത്ത് ഉദ്ബോധിപ്പിച്ചു.
മുണ്ടൂർ വിശുദ്ധ അൽഫോൻസാ ദേവാലയത്തിൽ ടോണി ചേക്കേലിന്റെ പൗരോഹിത്യ ശുശ്രൂഷാകർമം നിർവഹിക്കുകയായിരുന്നു.
മാർ മനത്തോടത്തിനെയും നവവൈദികനെയും വൈദികരും ഇടവകസമൂഹവും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. തുടർന്ന് ദിവ്യബലിയും കൈവയ്പ്പ് ശുശ്രൂഷയും പ്രഥമദിവ്യബലി അർപ്പണവും നടന്നു.
പൗരോഹിത്യ ശുശ്രൂഷയ്ക്ക് സഹകാർമികരായി ഫാ. സേവ്യർ മാറാമറ്റം, ഫാ. സജി പനമ്പറമ്പിൽ, ഫാ. ആൻസൻ മേച്ചേരി, ഫാ. ആന്റോകീറ്റിക്കൽ, ഫാ. ധനേഷ് കാളൻ, ഫാ. റിജോ മേടക്കൽ, ഫാ. ജിജോ മാളിയേക്കൽ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.
തുടർന്ന് നവവൈദികൻ ടോണി ചേക്കലിന്റെ പ്രഥമ ദിവ്യബലി അർപ്പണവും പ്രാർഥനാ ശുശ്രൂഷകളും സ്നേഹവിരുന്നുമുണ്ടായിരുന്നു. ഇടവക വികാരി ഫാ. അജി ഐക്കരയും കൈകാരന്മാരും പൗരോഹിത്യ ശുശ്രൂഷാ ചടങ്ങുകൾക്കു നേതൃത്വം നൽകി.