മണ്ണാർക്കാട്ട് പിടികൂടിയ ചന്ദനത്തടികളുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക സംഘം
1491446
Wednesday, January 1, 2025 3:40 AM IST
മണ്ണാർക്കാട്: കഴിഞ്ഞദിവസം അരകുർശ്ശിയിൽ ഒമ്പതുകിലോഗ്രാം ചന്ദനം പിടികൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി വനംവകുപ്പ്. ഇതിനായി പ്രത്യേക ഫോറസ്റ്റ് സംഘത്തെ നിയോഗിച്ചതായി പറഞ്ഞു.
മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് റേഞ്ച് ഓഫിസറും സഘവുമാണ് പ്രതികളെ പിടികൂടിയത്. മണ്ണാർക്കാട് കൊടുവാളിക്കുണ്ട് കോൽകാട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് നവാസ് (25), മണ്ണാർക്കാട് കൊടുവാളിക്കുണ്ട് കൊടപ്പനക്കൽ അഷറഫിന്റെ മകൻ ഹുസൈൻ (28 ), അട്ടപ്പാടി കൽക്കണ്ടി പൈനാട്ട് വീട്ടിൽ ഹസന്റെ മകൻ റഫീക് (42) എന്നിവരെയാണ് വനപാലകസംഘം പിടികൂടിയത്.
ചന്ദനം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
അട്ടപ്പാടിയിൽനിന്ന് മുന്പ് ചന്ദനം മോഷണംപോയിട്ടുണ്ട്.
അതിൽ ഉൾപ്പെട്ട ചന്ദനമാണോയെന്നും മറ്റെവിടെ നിന്നെങ്കിലും ചന്ദനത്തടികൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോ എന്നെല്ലാം അന്വേഷണസംഘം പരിശോധിച്ചു വരുകയാണെന്നും രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.