ആശ്വാസം, അപകടാവസ്ഥയിലായ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി
1491445
Wednesday, January 1, 2025 3:40 AM IST
വടക്കഞ്ചേരി: ടൗണിൽ ചെറുപുഷ്പം സ്കൂളിനുമുന്നിൽ അപകടാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി.
അപകടാവസ്ഥയിലുള്ള ഷെഡ് നിലനിർത്തുന്നതിനെതിരേ പലരും രംഗത്തു വന്നിരുന്നെങ്കിലും ദുരന്തം സംഭവിക്കട്ടെ എന്ന മട്ടിൽ ഷെഡ് പൊളിച്ചുമാറ്റാതെ തൂണുകൾ തകർന്ന ഷെഡ് ഒരു വർഷത്തോളം നിലനിന്നു. ആരുടെയൊക്കെയൊ ഭാഗ്യത്തിനു കാത്തിരിപ്പുകേന്ദ്രം വീണ് അപകടമുണ്ടായില്ല.
പിഞ്ചു കുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളും മറ്റു യാത്രക്കാരും തൃശൂർ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന ടൗണിലെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഏതോ വാഹനം തൂണിൽ ഇടിച്ചാണ് പതിറ്റാണ്ടുകളേറെ പഴക്കമുള്ള ഷെഡ് കൂടുതൽ ഗുരുതരാവസ്ഥയിലായത്.
അപകടാവസ്ഥ അറിയാതെ തകർന്ന ഷെഡിനുള്ളിലും പുറത്തുമായി ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
അപകടാവസ്ഥയിലായതിനാലാണ് വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് തന്നെ പൊളിച്ചുമാറ്റിയതെന്നും എംഎൽഎ ഫണ്ട് പ്രയോജനപ്പെടുത്തി കാത്തിരിപ്പു കേന്ദ്രം വൈകാതെ പുനർനിർമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പറഞ്ഞു.