പാലക്കാട് കത്തീഡ്രൽ താത്കാലിക ദേവാലയത്തിന്റെ കൂദാശ അഞ്ചിന്
1491275
Tuesday, December 31, 2024 5:16 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് രാവിലെ 6.30 ന്റെ വിശുദ്ധകുർബാനയ്ക്കുമുന്പായി താത്കാലികമായി നിർമിക്കപ്പെട്ട ദേവാലയത്തിന്റെ കൂദാശാകർമം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. തുടർന്ന് പ്രഥമദിവ്യബലി അർപ്പിക്കും. ദിവ്യബലിക്കുശേഷം 11, 12 തീയതികളിൽ നടത്തുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റം ബിഷപ് നിർവഹിക്കും.
ഞായറാഴ്ച രാവിലെ 6.30 ന് കാനഡ മിസിസാഗ രൂപത അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ നിലവിലെ ദേവാലയത്തിലെ അവസാനത്തെ വിശുദ്ധ കുർബാന അർപ്പിച്ചു. രണ്ടാമത്തെ കുർബാനയ്ക്കുശേഷം പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ നിർദേശപ്രകാരം മാർ ജോസ് കല്ലുവേലിൽ പ്രത്യേക പ്രാർഥനകൾ നടത്തി. ഇടവകവികാരി ഫാ. ജോഷി പുലിക്കോട്ടിലിനും അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്തിലിനും ഇടവകാംഗങ്ങൾക്കും പുതിയ ദേവാലയത്തിനുള്ള പ്രാർഥനാശംസകൾ നേർന്നു.
തുടർന്ന് തിരുസ്വരൂപങ്ങളും വിശുദ്ധ ബലിപീഠവും ബിഷപ്പുമാരുടെയും വികാരിയുടെയും സാന്നിധ്യത്തിൽ ഇടവകാംഗങ്ങൾ താത്കാലിക പള്ളിയിലേക്ക് മാറ്റി. അഞ്ചാംതീയതിവരെ പാരിഷ് ഹാളിലായിരിക്കും വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും നടത്തപ്പെടുന്നതെന്നു വികാരി ഫാ. ജോഷി പുലിക്കോട്ടിൽ അറിയിച്ചു.