ദേശീയപാതയിൽ ബസ് കാറിൽ ഇടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
1491273
Tuesday, December 31, 2024 5:15 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മാച്ചാംതോട് കവലയ്ക്കു സമീപം കെഎസ്ആർടിസി ബസ് കാറിന്റെ പിന്നിൽ ഇടിച്ചു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ബസ് അമിതവേഗതയിലായിരുന്നെന്ന്് ദൃക്സാക്ഷികൾ പറഞ്ഞു.
ഇൻഷ്വറൻസ് 2020 ലും പെർമിറ്റ് 2021 ലും നികുതി 2023ലും കാലാവധി കഴിഞ്ഞ പെരിന്തൽമണ്ണ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ആർടിഒ അധികാരികൾ കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസും രേഖകളും പരിശോധിക്കുന്നില്ലെന്നു വ്യാപകമായ പരാധിയുണ്ട്.
പനയമ്പാടത്ത് ലോറി മറിഞ്ഞ് 4 വിദ്യാർഥിനികൾ മരിച്ച സംഭവത്തെത്തുടർന്ന് പോലീസ് കനത്ത പരിശോധനയാണ് തുപ്പനാടും കച്ചേരിപ്പടിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. അതിലെ കടന്നു പോകുന്ന ഓരോ സ്വകാര്യ വാഹനങ്ങളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും തടഞ്ഞ്നിർത്തി പരിശോധിച്ച് പിഴ ഈടാക്കുന്നുണ്ട്.
ഇവരുടെ മുമ്പിലൂടെയാണ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് രേഖകൾ ഒന്നും ഇല്ലാതെ കെഎസ്ആർടിസി വാഹനങ്ങളും സർക്കാർ വാഹനങ്ങളും കടന്നു പോകുന്നത്. അമിതവേഗത്തിലും മത്സരിച്ചും വരുന്ന വാഹനങ്ങൾ കരിമ്പ പള്ളിപ്പടി മുതൽ തുപ്പനാടുവരെ സാവധാനമാണ് പോകുന്നത്. അതു കഴിഞ്ഞാൽ വീണ്ടും വേഗതയും മത്സരവും വർധിപ്പിക്കും.
കരിമ്പ പള്ളിപ്പടിയിൽ വാഹനങ്ങളുടെ വേഗതയും മറ്റ് രേഖകളും പരിശോധിക്കുന്നതിനും നിയമ ലംഘനത്തിന് പിഴയീടാക്കാനും ഇന്റർസെപ്റ്റർ വാഹനത്തിലൂടെ പരിശോധന നടത്തുന്നുണ്ടെങ്കിലും നിയമലംഘനം നടത്തുന്ന കൃത്യമായ രേഖകൾ ഇല്ലാതെ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നേരെ കണ്ണടയ്ക്കുകയാണെന്ന പരാതിയും നാട്ടുകാർക്കുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും ഇരട്ട നീതിയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.