വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്ത ആറുപേർ അറസ്റ്റിൽ
1491269
Tuesday, December 31, 2024 5:15 AM IST
കോട്ടായി: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തകേസിൽ ആറുപേർ അറസ്റ്റിൽ. കോങ്ങാട് സ്വദേശി ശ്യാംപ്രകാശ് (30), മണ്ണൂർ സ്വദേശി അമീർ (23), കൊടുന്തിരപ്പുള്ളി സ്വദേശികളായ മുഹമ്മദ് റാഫി (32), സാഗർ (23), ഫാസിൽ (23) കടന്പഴിപ്പുറം വൈശാഖൻ (34) എന്നിവരെയാണ് കോട്ടായി പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഇക്കഴിഞ്ഞ 22 നാണ് സംഭവം നടന്നത്. കോട്ടായി കീഴത്തൂർ പള്ളിമുക്കിലുള്ള കാജാഹുസൈന്റെ വീടിന് മുന്നിൽ നിർത്തിയിട്ട ഒരു കാർ, ടിപ്പർ, മൂന്നു ബൈക്കുകൾ, സഹോദരീപുത്രൻ മുബാറക്കിന്റെ ബന്ധുവിന്റെ ടെന്പോ ട്രാവലർ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് പ്രതികൾ അടിച്ചു തകർത്തത്.
വ്യക്തിവിരോധത്തിന്റെ പേരിൽ സാഗർ, സിറാജ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ അടിച്ചു തകർത്തത്. രണ്ടാഴ്ചമുന്പ് കീഴത്തൂരിലെ അൻസാർ എന്നയാളുടെ കല്യാണചടങ്ങിലേക്ക് 60 ജുബ്ബകൾ വാടകയ്ക്ക് എടുത്തിരുന്നു. ഒരു ജുബ്ബയും 5000 രൂപയും തിരിച്ചു കൊടുത്തിരുന്നില്ല. 18ന് വൈകുന്നേരം ഇതു ചോദിക്കാനെത്തിയെ സാഗറിനേയും കൂട്ടുകാരനേയും മുബാറക്കും കൂട്ടുകാരും തല്ലി. ഈ വൈരാഗ്യമാണ് വാഹനങ്ങൾ കത്തിക്കുന്നതിലേക്ക് എത്തിയത്. കോട്ടായി എസ്എച്ച്ഒ സിജു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ വിനു, എസ്സിപിഒ ശിവകുമാർ, ഷൈബു, സിപിഒ ജിവീഷ്, ഡാൻസാഫ് അംഗങ്ങളായ കൃഷ്ണദാസ്, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.