വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി കാട്ടുമൃഗങ്ങളുടെ തേരോട്ടം
1491274
Tuesday, December 31, 2024 5:16 AM IST
വടക്കഞ്ചേരി: മനുഷ്യജീവനും സ്വത്തിനും അപകടഭീഷണിയാകും വിധം വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കർഷകർക്ക് നഷ്ടകണക്കുകൾ കൂട്ടിവച്ച ഒരു വർഷം കൂടിയാണ് കടന്നുപോകുന്ന 2024. പന്നി, കാട്ടാനകൂട്ടങ്ങൾ എന്നിവ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷിനാശം വരുത്തിവയ്ക്കുന്നതിനൊപ്പം കാട്ടുപന്നി ആക്രമണത്തിൽ നിത്യരോഗികളും ചികിത്സകളുമായി കഴിയുന്നവരുടെ എണ്ണം 2024 ലും കൂടുതലാണ്.
കരിങ്കയം ഫോറസ്റ്റ് ഓഫീസിനടുത്ത് മാൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പ്രമോദ് എന്ന യുവാവിന് പരിക്കേറ്റതാണ് വർഷത്തിലെ ആദ്യത്തേത്. ഫെബ്രുവരി 27നായിരുന്നു ഈ സംഭവം. ഇതേ ദിവസം തന്നെ പ്ലാഴിയിൽ കാട്ടുപന്നിയിടിച്ച് പുതുക്കോട് തിരുവടിയിലെ രാഹുലിന് പരിക്കേറ്റു. ഇതിനു പിന്നാലെ മാർച്ച് ആറിന് പാലക്കുഴി പിസിഎ ഭാഗത്തും മംഗലംഡാം കരിങ്കയം ഇലഞ്ഞിമറ്റം തോമസിന്റെ കശുമാവ് തോട്ടത്തിനടുത്തും കരടികൂട്ടത്തെ കണ്ടത് ജനങ്ങളെ ഭീതിപ്പെടുത്തി. ഈ ദിവസം തന്നെ ദേശീയപാത ചുവട്ടു പാടത്ത് പന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് നെന്മാറ തിരുവഴിയാട് സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റു.
ഏപ്രിൽ നാലിന് രാത്രി മംഗലംഡാം ഒടുകൂരിനടുത്ത് കാട്ടുപന്നി ബൈക്കിനു കുറുകെ ചാടി പറശേരി അനസ്, സൈജൽ എന്നിവർക്ക് പരിക്കേറ്റു. അണക്കപ്പാറയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്നു. ഡ്രൈവർ എരിമയൂർ സ്വദേശി അഷറഫിന് പരിക്കേറ്റു. ഏപ്രിൽ 24നായിരുന്നു ഇത്. പൊത്തപ്പാറയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയായ ചക്കുണ്ട് സ്വദേശി ഉഷക്ക് പരിക്കേറ്റു. ഏപ്രിൽ 27 നായിരുന്നു ഈ സംഭവം.
കിഴക്കഞ്ചേരി വേങ്ങശേരി പള്ളിക്കു സമീപം കാട്ടുപന്നി ആക്രമണത്തിൽ അമ്പിട്ടൻതരിശ് സ്വദേശി ബിനേഷിന് പരിക്കേറ്റു. മേയ് 25ന് എളവമ്പാടത്ത് കാട്ടുപന്നിയിടിച്ച് ഓട്ടോമറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. എൽഐസി ഏജന്റ് കലാധരൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ജൂലൈ 19ന് ദേശീയപാതയിൽ നിന്നും കല്ലിങ്കൽപാടം റോഡിൽ ബൈക്കിൽ കാട്ടുപന്നിയിടിച്ച് ക്രിസ്ത്യൻ എന്ന 18കാരന് പരിക്കേറ്റു.
ഓഗസ്റ്റ് 22ന് പുലർച്ചെ പനംകുറ്റി താമരപ്പിള്ളി കയറ്റത്തിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്കു മുന്നിലേക്ക് പുലി ചാടിയടുത്ത സംഭവമുണ്ടായി. ഒക്ടോബര് ഏഴിന് തേനിടുക്ക് കൊളക്കോട് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ 78 കാരനായ വർഗീസ് കെ. തോമസിന് പരിക്കേറ്റു. ഒക്ടോബർ 14 ന് മംഗലംഡാം പറശേരിയിൽ പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ടര വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. നവംബർ 11 ന് മംഗലംഡാമിൽ രോഗിയുമായി പോയിരുന്ന ഓട്ടോയിൽ മാൻ ഇടിച്ച് അപകടമുണ്ടായി.
അപകടങ്ങൾ
ജനുവരി ഏഴിന് ദേശീയപാത ചുവട്ടുപാടത്ത് ലോറിയിൽ ബൈക്ക് ഇടിച്ച് തൃശൂർ ദേശമംഗലം സ്വദേശി അശ്വിൻ മരിച്ചു. ഫെബ്രുവരി ആറിന് ദേശീയപാത മംഗലം പാലത്തിനടുത്ത് കണ്ടെയ്നർ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിൽ ഇടിച്ചു തകർന്നു. ഏപ്രിൽ എട്ടിന് ദേശീയപാത പന്നിയങ്കരയിൽ കാറിടിച്ച് കാൽനട യാത്രക്കാരനായ എലവഞ്ചേരി സ്വദേശി ചന്ദ്രൻ മരിച്ചു. ഏപ്രിൽ 12ന് ആയക്കാട് സ്കൂട്ടർ ഇടിച്ച് വീട്ടമ്മയായ സ്വദേശിയായ സിന്ധു മരിച്ചു. മേയ് അഞ്ചിന് വയനാട്ടിലുണ്ടായവാഹനാപകടത്തിൽ പാലക്കുഴി സ്വദേശി വിജീഷ് മരിച്ചു. മേയ് 22ന് ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരനായ രാജേഷ് മരിച്ചു.
ജൂലൈ 22ന് അണക്കപ്പാറ - ചല്ലുപടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കിഴക്കഞ്ചേരി വക്കാല സ്വദേശി രഞ്ജിത്ത് മരിച്ചു. ജൂലൈ 22ന് മറ്റൊരു അപകടവുമുണ്ടായി. പഴയന്നൂർ പൊറ്റക്കു സമീപം ചക്കയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി പുതുക്കോട് ഉളികുത്താംപാടം സതീഷ് മരിച്ചു.
സെപ്റ്റംബർ ആറിന് സ്കൂട്ടർ അപകടത്തിൽ കിഴക്കഞ്ചേരി കൊഴുക്കുള്ളി സ്വദേശി സിബിൻദാസ് മരിച്ചു. സെപ്റ്റംബർ ഒമ്പതിന് കണക്കൻതുരുത്തിയിൽ വൈദ്യുതി കെണിയിൽപ്പെട്ട് വയോധികനായ നാരായണൻ മരിച്ചു. സെപ്റ്റംബർ 20ന് വടക്കഞ്ചേരി മേൽപ്പാലത്തിൽ ബൈക്ക് അപകടത്തിൽ പാലക്കാട് ധോണി സ്വദേശി അനിൽകുമാർ മരിച്ചു. ഒക്ടോബർ എട്ടിന് ദേശീയപാത ചെമ്മണാംകുന്നിൽ സ്കൂട്ടർ അപകടത്തിൽ തൃശൂർ സ്വദേശി വിജയകുമാർ മരിച്ചു. ഒക്ടോബർ 10ന് പന്നിയങ്കര ടോൾ പ്ലാസക്കു സമീപം സ്കൂട്ടറപകടത്തിൽ തേങ്കുറിശി സ്വദേശി ഉണ്ണികൃഷ്ണൻ മരിച്ചു. നവംബർ 27ന് കടപ്പാറ തളികകല്ല് റോഡിൽ തിപ്പിലിക്കയം ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ആദിവാസികളടക്കം അഞ്ച്പേർക്ക് പരിക്കേറ്റു. ഡിസംബർ 16ന് ദേശീയപാത മംഗലം പാലത്തിനടുത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. മൂന്ന് ദിവസം മുമ്പ് അങ്കമാലിക്കു സമീപം ടെമ്പോ ട്രാവലറും മരം കയറ്റിയ ലോറിയും കൂട്ടിയിടിച്ച് എളവമ്പാടം തച്ചക്കോട് സ്വദേശി അബ്ദുൽ മജീദ് മരിച്ച ദാരുണമായ സംഭവവും ഏറെ വേദനിപ്പിച്ചു.
അസ്വാഭാവിക മരണങ്ങൾ
ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും 2024ലും കുറവല്ലായിരുന്നു. ഏപ്രിൽ അഞ്ചിന് പനംകുറ്റിക്കടുത്ത് പീച്ചികാട്ടിൽ മക്കളുളള ആദിവാസി യുവതിയുടെയും പനംകുറ്റി സ്വദേശിയായ മധ്യവയസ്കന്റേയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച കടാവർ നായ്ക്കളാണ് കാടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതുക്കോട് ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കോട്ടയം വാഴൂർ സ്വദേശി സിജു കുഴഞ്ഞു വീണു മരിച്ചു.
മേയ് നാലിന് കണക്കൻതുരുത്തി വിലങ്ങൂരിൽ ഷോക്കേറ്റ് രണ്ടു വയസുകാരൻ ഏദൻ മരിച്ചു. ജൂൺ 23ന് കാനഡയിൽ തടാകത്തിൽപ്പെട്ട് എളവമ്പാടം സ്വദേശിയായ വിദ്യാർഥി മരിച്ചു. ജൂലൈ 16ന് കണ്ണമ്പ്ര കൊട്ടേക്കാട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. ഓഗസ്റ്റ് ഏഴിന് ചിറ്റടി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സെപ്റ്റംബർ മൂന്നിന് കോരഞ്ചിറയിലെ തെങ്ങിൻതോട്ടത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 20ന് കടപ്പാറ തളികകല്ല് വനത്തിൽ നിന്നും പുരുഷന്റേതാണെന്ന് തോന്നിക്കുന്ന മൃതശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു.
സെപ്റ്റംബർ 30ന് പാലക്കുഴി വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽ കടവിൽ കാട്ടുചോലയിലെ കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മൂലങ്കോട് കാരപ്പാടം സ്വദേശി മനോജാണ് മരിച്ചത്. മൂന്നര പതിറ്റാണ്ടു കാലം കിഴക്കഞ്ചേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന എളവമ്പാടം വി. സുകുമാരൻ മാസ്റ്റർ ഒക്ടോബർ 17 ന് അന്തരിച്ചു. ഒക്ടോബർ 18ന് ദേശീയപാത പന്തലാംപാടം നീലിപാറയിൽ വാർത്താ ചാനലിന്റെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മരിച്ചു. പന്തലാംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് റോഷൻ, മുഹമ്മദ് ഇസാം എന്നിവരാണ് മരിച്ചത്.
ടോൾ ഭീഷണി
വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയുടെ പണികൾ തീരാത്തതും പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന കരാർ കമ്പനിയുടെ ഇടക്കിടെയുള്ള ഭീഷണികളും 2024ലും സമരകാഹളങ്ങൾക്ക് വേദിയായി. ജനുവരി മുതൽ ടോൾ പിരിക്കുമെന്നാണ് പുതിയ ഭീഷണി.വടക്കഞ്ചേരി, കുതിരാൻ മേൽപ്പാലങ്ങളിൽ മാസത്തിൽ രണ്ട് തവണയെങ്കിലും കുത്തിപ്പൊളിച്ചുള്ള പണികൾ തുടരുകയാണ്.
നഷ്ടം കൂട്ടാൻ ചുഴലിക്കാറ്റും
വേനൽ മഴക്കൊപ്പം മേയ്, ജൂൺ മാസങ്ങളിലുണ്ടാകുന്ന ചുഴലിക്കാറ്റും കർഷകർക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഒരു പതിറ്റാണ്ടായി മേഖലയിൽ ഈ പ്രതിഭാസം തുടരുകയാണ്. ജൂലൈ 20ന് പന്തലാംപാടത്തുണ്ടായ ചുഴലികാറ്റിൽ പന്തലാംപാടം മേരി മാതാ സ്കൂൾ കെട്ടിടത്തിന്റെ ഓടുകളും പാരിഷ് ഹാളിന്റെ ഷീറ്റുകളും പറന്നുപോയി.
നേട്ടങ്ങൾ
അധികമില്ലെങ്കിലും നേട്ടങ്ങളുടെ നെറുകയിൽ കുറച്ചെങ്കിലും അവകാശപ്പെടാനുണ്ട് വടക്കഞ്ചേരിക്ക്. അമേരിക്കയിൽ ട്രംപ് മന്ത്രിസഭയിൽ മലയാളിയും വടക്കഞ്ചേരിയിൽ കുടുംബ ബന്ധങ്ങളുള്ള വിവേക് രാമസ്വാമി അംഗമായത് നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ്. പന്നിയങ്കരയിൽ ലോകോത്തര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം യാഥാർഥ്യമായി. കാടൻകാവിൽ തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള രാജ്യാന്തര സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിന് ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പും അരങ്ങേറി. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രമായി ഗുമസ്തൻ സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടിയത് വടക്കഞ്ചേരിക്ക് അഭിമാനമായി.