ഉച്ചഭക്ഷണത്തിനെത്തിച്ച അരിയിൽ തിരിമറി; കേസ് ഒതുക്കിയതായി പരാതി
1491270
Tuesday, December 31, 2024 5:15 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോയിൽ സ്കൂളുകൾക്ക് ഉച്ചഭക്ഷണത്തിനെത്തിച്ച അരി തിരിമറി നടത്തിയ കേസ് ഒതുക്കി തീർത്തതായി പരാതി. സംഭവത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ സീനിയർ അസിസ്റ്റന്റ് എസ്. പ്രമോദിന്റെ പേരിൽ ഒറ്റപ്പാലം പോലീസ് പരാതി രജിസ്റ്റർ ചെയ്തിരുന്നു.
വിശ്വാസലംഘനവും അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് ഡിപ്പോ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്തത്. പ്രമോദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുവെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. 2023 ജൂൺ 22ന് എഫ്സിഐ യിൽനിന്ന് ഉച്ചഭക്ഷണ വിതരണത്തിന് ഇറക്കിയ അരിച്ചാക്കുകൾ തിരിമറി നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. ലോറിയിൽ ഡിപ്പോയിലെത്തിയ ഒരുലോഡ് അരിയിൽ 246 ചാക്ക് കണക്കിൽ കാണിക്കാതെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ഇതുവഴി സപ്ലൈകോയ്ക്ക് 5.64 ലക്ഷം രൂപ നഷ്ടം നേരിട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.