വേനൽക്കാലത്തെ നേരിടാൻ ജാഗ്രതാനടപടികൾ തുടങ്ങി
1491268
Tuesday, December 31, 2024 5:15 AM IST
ഒറ്റപ്പാലം: വേനൽക്കാലം മുൻനിർത്തി കുടിവെള്ളസംഭരണത്തിന് നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി തടയണകളിൽ ജലസംഭരണം ഉറപ്പാക്കാൻ ഷട്ടറുകൾ അടച്ചു തുടങ്ങി.
ഭാരതപ്പുഴ മീറ്റ്ന തടയണയിലും വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കുന്നതിനായി 26 ഷട്ടറും അടച്ചു. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് പ്രദേശങ്ങളിലെ 21,000 ത്തിലധികം കുടുംബങ്ങളിലേക്ക് സുഗമമായി കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടാണിത്. കഴിഞ്ഞ വർഷം തടയണ വറ്റിയതിനാൽ വെള്ളത്തിന് ഗായത്രിപ്പുഴയെ ആശ്രയിക്കേണ്ടിവന്നിരുന്നു. കാലവർഷം തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ മേയ് മാസത്തിലാണ് ഷട്ടറുകൾ തുറന്നത്. മഴക്കാലത്ത് പുഴനിറഞ്ഞ് വെള്ളം കരയിലേക്ക് കയറാനും കൃഷിയിടങ്ങളടക്കം മുങ്ങാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്താറുള്ളത്.
മഴ മാറിയാൽ തടയണയിലെ വെള്ളമുപയോഗിച്ചാണ് വേനൽമാസങ്ങളിൽ ജല അഥോറിറ്റിയുടെ ശുദ്ധജലവിതരണം. ഷട്ടറുകൾ അടച്ചതോടെ തടയണ നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞവേനൽ മുൻനിർത്തി ഒക്ടോബറിലാണ് തടയണ അടച്ചിരുന്നത്. ഇതിന് പിന്നാലെ സാമൂഹികവിരുദ്ധർ ഷട്ടറുകളുടെ ഇരുമ്പ് പലകകൾ എടുത്തുമാറ്റിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒഴുകിപ്പോയിരുന്നു.
തുടർന്ന്, തടയണയിലേക്ക് ഇറങ്ങാതിരിക്കാൻ വേലികെട്ടിയും രാത്രി വാച്ചറെ നിയോഗിച്ചുമാണ് വെള്ളംവിതരണം നടത്തിയിരുന്നത്. ഇത്തവണ വേനൽമഴകൂടി കനിഞ്ഞാൽ വെള്ളത്തിന് ക്ഷാമമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.