പ്രതീക്ഷയുടെ നിക്ഷയ് വാഹൻ പ്രയാണം ആരംഭിച്ചു
1491264
Tuesday, December 31, 2024 5:15 AM IST
അഗളി: ക്ഷയരോഗം മുൻകൂട്ടി അറിയുന്നതിനും മുഴുവൻ രോഗികൾക്കും സമ്പൂർണ ചികിത്സ നൽകുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്ന നൂറു ദിന ഊർജിത പ്രവർത്തന പരിപാടിയായ 'പ്രതീക്ഷ'യുടെ ഭാഗമായി നിക്ഷയ് വാഹൻ പ്രയാണം ആരംഭിച്ചു.അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ.പി. ഷരീഫ നിക്ഷയ് വാഹൻ അഗളിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ആർ.എസ്. വികാസ്്, ഹെൽപ്പ് സൂപ്പർവൈസർ ടോംസ് വർഗീസ് എന്നിവർ ആശംസിച്ചു.
എല്ലാ ട്രൈബൽ ഊരുകളിലും അതിഥി തൊഴിലിടങ്ങളിലും മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും വാഹനങ്ങളിലെത്തി പരിശോധിക്കും. രോഗ ലക്ഷണം ഉള്ളവരുടെ കഫസാമ്പിളുകൾ ശേഖരിച്ച് വിശദപരിശോധനകൾ നടത്തും.രോഗം കണ്ടെത്തിയാൽ സമ്പൂർണചികിത്സ, പോഷകാഹാരം, പെൻഷൻ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിലേക്ക് അഞ്ചു വാഹനങ്ങളാണ് തയ്യാറായിരിക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ടിബി യൂണിറ്റ്, അഗളി ഗവ. ഹയർസെക്കൻഡറി സ്കൂൾ, നാഷണൽ സർവീസ് സ്കീം എന്നിവരുടെ സഹകരണത്തോടെ അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അഗളി മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ അറിയിച്ചു.