കല്പാത്തി ദേശീയസംഗീതോത്സവം നവംബര്‍ ആറുമുതല്‍ പത്തുവരെ
1465279
Thursday, October 31, 2024 2:22 AM IST
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നവംബര്‍ ആറുമുതല്‍ പത്തുവരെ കല്പാത്തി ചാത്തപ്പുരം മണിഅയ്യര്‍ റോഡില്‍ പുതുക്കോട് കൃഷ്ണമൂര്‍ത്തി നഗറില്‍ നടക്കും.
സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണു സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിനമായ ആറിന് അന്നമാചാര്യ ദിനമായി ആഘോഷിക്കും.
വൈകുന്നേരം ആറിന് സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. ഏഴിന് ബാംഗ്ലൂര്‍ ബ്രദേഴ്സായ എം.ബി. ഹരിഹരന്, എസ്. അശോക് എന്നിവരുടെ സംഗീത കച്ചേരിനടക്കും.
ഏഴിന് പുരന്തരദാസ ദിനത്തിൽ വൈകുന്നേരം നാലിന് ടി. അര്‍ച്ചനയുടെ സംഗീത കച്ചേരി. തുടർന്ന് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഏഴിനു ഐശ്വര്യ വിദ്യരഘുനാഥ് സംഗീത കച്ചേരി അവതരിപ്പിക്കും.
എട്ടിനു സ്വാതിതിരുനാള്‍ ദിനത്തിൽ വൈകുന്നേരം നാലിനു നിരഞ്ജന്റെ സംഗീത കച്ചേരി. തുടർന്ന് ചിറ്റൂര്‍ ഗവ. കോളജിലെ സംഗീത വിഭാഗ വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി.
ഒമ്പതിന് ശ്യാമശാസ്ത്രി ദിനത്തിൽ വൈകുന്നേരം അഞ്ചിനു പൂര്‍ണിമ അരവിന്ദിന്റെ സംഗീത കച്ചേരി. തുടർന്ന് ഏഴിനു സുനില്‍. ആര്. ഗാര്ഗ്യാനിന്റെ സംഗീതക്കച്ചേരി.
സമാപന ദിനമായ പത്തിന് ത്യാഗരാജസ്വാമികള്‍ ദിനമായി ആഘോഷിക്കും. രാവിലെ 10.30ന് ത്യാഗരാജ ആരാധന, പഞ്ചരത്ന കീര്‍ത്തനാലാപനം. രാത്രി ഏഴിന് കലാശ്രീ എസ്.ആര്. മഹാദേവ ശര്‍മ, കലാശ്രീ.എസ്.ആര്. രാജശ്രീ എന്നിവരുടെ വയലിന് ഡ്യൂയറ്റ്.