വനംവകുപ്പ് നടപടികൾ പാളുന്നു; കാട്ടാനകൾ കൃഷിയിടങ്ങളിൽനിന്ന് ഒഴിയുന്നില്ല
1465276
Thursday, October 31, 2024 2:22 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി.
കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം എൽദോസ് പണ്ടിക്കൂടി, അബ്ബാസ് ഒറവഞ്ചിറ, എസ്.എ. ജംഷീദ് ഹസൻ, ആർ. വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ കമുക്, റബ്ബർ, കുരുമുളക്, കുരുമുളക് താങ്ങു വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, തേക്ക് തുടങ്ങി നിരവധി മരങ്ങൾ കുത്തിമറിച്ചും ചവിട്ടിയും നശിപ്പിച്ചു.
കൽച്ചാടി പൂളക്കാട് ഭാഗത്തുനിന്നും വനംവകുപ്പിന്റെ സൗരോർജ വൈദ്യുതവേലി തകർത്ത് കൃഷിയിടങ്ങളിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകനാശം വരുത്തിയശേഷം കൽച്ചാടി- ഒലിപ്പാറ കനാൽവരെ വന്നശേഷം തിരികെ പുഴകടന്നു കൽച്ചാടി പഴയ ചെക്ക്ഡാം ഭാഗത്തുകൂടി വനത്തിലേക്കു മടങ്ങി.
രാവിലെ ആറിനു റബർടാപ്പിംഗിനെത്തിയ തൊഴിലാളികൾക്കു ആനയുടെചൂര് അനുഭവപ്പെട്ടതോടെയാണ് കാട്ടാനസാന്നിധ്യം സ്ഥിരീകരിച്ചത്. അകലെ വനമേഖലയിൽ കാട്ടാനകളുടെ ശബ്ദം കേട്ടെങ്കിലും തൊഴിലാളികൾ ആരും കാട്ടാനക്കൂട്ടത്തെ നേരിൽ കണ്ടില്ല.
തുടർന്ന് തൊഴിലാളികൾ സംയുക്തമായി തോട്ടങ്ങളിൽ പരിശോധിച്ചപ്പോഴാണ് വ്യാപകമായ നാശം ശ്രദ്ധയിൽപ്പെടുന്നത്. കൽച്ചാടി പുഴയുടെ തീരത്തും വനമേഖലയോട് ചേർന്നുമുള്ള സൗരോർജ വൈദ്യുത വേലിയുടെ കാലുകളും കമ്പികളും നിരവധി സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടം ചവിട്ടി വളയ്ക്കുകയും കമ്പികൾ ചവിട്ടി താഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ശല്യക്കാരായ ആനകളെ കുങ്കിയാനകളെ ഉപയോഗിച്ചും കാട്ടാനക്കൂട്ടത്തെ കൊണ്ടുവരുന്ന മോഴയാനയെ പ്രദേശത്തുനിന്നും മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.
പടക്കവുമായി ഇടയ്ക്കിടെ വനം വകുപ്പധികൃതർ മേഖലയിലെത്തി പടക്കം പൊട്ടിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതല്ലാതെ കാട്ടാനകളെ ഉൾവനത്തിൽ എത്തിക്കാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്നു കർഷകർ പരാതിപ്പെട്ടു.
പ്രദേശത്തെ സൗരോർജവേലിയുടെ പ്രവർത്തനവും കാര്യക്ഷമമല്ല. തുടർച്ചയായി രണ്ടാഴ്ചയോളമായി അടുത്തടുത്ത അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖലകളിൽ തൊഴിലാളികളുടെ ജീവനു വരെ ഭീതി ഉളവാക്കുന്ന രീതിയിൽ കാട്ടാനകൾ അക്രമ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്.