പുലിയറയിൽ വൻതോതിൽ മലയിടിച്ചിൽ: ഗതാഗതം സ്തംഭിച്ചു, കൃഷിനാശം
1465274
Thursday, October 31, 2024 2:22 AM IST
അഗളി: കുറവൻപാടി, പുലിയറ, ഉണ്ണിമല, കുച്ചിമേട് പ്രദേശങ്ങളിൽ പെയ്ത കനത്തമഴയിൽ തെക്കേ പുലിയറ തുമ്പപ്പാറ പ്രദേശങ്ങളിൽ വൻതോതിൽ മലയിടിച്ചിലും നാശനഷ്ടങ്ങളും.
തെക്കേ പുലിയറയിൽ പാലത്തിങ്കൽ മനോജിന്റെ കൃഷിസ്ഥലത്ത് ഉരുൾപൊട്ടലിനു സമാനമായ മലയിടിച്ചിലിൽ ഒരേക്കറോളംകൃഷി ഒഴുകിപ്പോയി.
പുലിയറ തുമ്പപ്പാറ ഭാഗങ്ങളിൽ നിരവധി സ്ഥലത്തു മണ്ണിടിച്ചിലിണ്ടായി. പുലിയറ സെന്റ്ജോർജ് ദേവാലയത്തിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. കുറവൻപാടി കേശവൻകടയ്ക്കൽ വന്‍ വീട്ടിമരങ്ങൾ കടപുഴകിവീണ് ഗതാഗതക്കുരുക്കുണ്ടായി. ജെസിബിയുടെ സഹായത്തോടെയും നാട്ടുകാർ ഒത്തുചേർന്നും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നിരവധി വീടുകളുടെ പിന്നിലേക്ക് കല്ലുംമണ്ണും ഇടിഞ്ഞുവീണിട്ടുണ്ട്.
പ്രകൃതിക്ഷോഭത്തെ തുടർന്ന് അഗളി ഗൂളിക്കടവ് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണവും നിലച്ചു.
പുലിയറയിലും തുമ്പപ്പാറയിലും വൈദ്യുതി പുനഃസ്ഥാപിക്കാൻ രണ്ടുദിവസം വേണ്ടിവരുമെന്ന് കെഎസ്ഇബി എൻജിനീയർ മോഹൻദാസ് പറഞ്ഞു.
കുറവൻപാടിയിൽ 11 കെവി ലൈനിലേക്കു വൻമരം കടപുഴകി വീണ് എട്ട് എച്ച്ടി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മരവുംമണ്ണും നീക്കാതെ അവിടേക്ക് വൈദ്യുതി എത്തിക്കാനാവില്ലെന്നു അധികൃതർ പറഞ്ഞു. കുറവൻപാടിയിലും മേലെകുറവൻപാടിയിലും കുച്ചിമേട്ടിലും ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.