കാർഷികാവശ്യങ്ങൾക്കായി കാഞ്ഞിരപ്പുഴ കനാലുകൾ ശുചീകരിക്കാൻ തീരുമാനം
1464990
Wednesday, October 30, 2024 5:07 AM IST
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിൽ വെള്ളം തടസമില്ലാതെ ഒഴുകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനൊരുങ്ങി ജലസേചനവകുപ്പ്.
ഡാമിന്റെ ഇടതു- വലത് കരകളിലേക്കുള്ള കനാലുകൾ വൃത്തിയാക്കാനും കാടുകൾ വെട്ടിത്തെളിച്ച് മണ്ണുകോരി ചെളികൾ നീക്കംചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനാണ് നടപടി. ഇതിനുവേണ്ടി ജലസേചന വകുപ്പ് 1.35 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഡാമിന്റെ സുരക്ഷ, കനാലുകളിലെ ചെളി നീക്കംചെയ്യൽ, കനാലിനുള്ളിലെ കാടുകളും മരങ്ങളും നീക്കംചെയ്യൽ, ബലക്ഷയമുള്ള ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണു നടത്തുക. ഡാമിന്റെ കല്ലടിക്കോട്, ഒറ്റപ്പാലം സബ് ഡിവിഷനുകളിലാണ് പ്രവൃത്തികൾ നടത്തുന്നത്. ജലാവശ്യം അറിയിച്ചുകൊണ്ടുള്ള കൃഷി ഓഫീസർമാരുടെ റിപ്പോർട്ട് കിട്ടിയാലുടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കും. നിലവിലെ മഴക്കാലം മാറിക്കഴിഞ്ഞാൽ കനാലുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും 15 ദിവസത്തിനകം പൂർത്തിയാക്കുകയും ചെയ്യും.
വർഷങ്ങളായി തൊഴിലുറപ്പുതൊഴിലാളികളാണ് കനാലിലെ ചെളികോരുകയും കാടുകൾവെട്ടി വൃത്തിയാക്കുകയും ചെയ്തിരുന്നത്. എന്നാൽ തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ചു ഇത്തരം ജോലി ചെയ്യിപ്പിക്കരുതെന്ന നിർദ്ദേശം വന്നതോടെ കനാലുകൾ കാടുകയറി നശിക്കാൻ തുടങ്ങി.
ഒരുകാലത്ത് താത്കാലിക എസ്എൽആർ തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊഴിലുറപ്പുകാർ വന്നതോടെ ഇത്തരം തൊഴിലാളികളെ പിരിച്ചുവിട്ടു. അതോടുകൂടി കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്താൻകഴിയാത്ത സാഹചര്യമുണ്ടായി. കനാലുകൾ വൃത്തിയാക്കുന്നതോടെ പട്ടാമ്പി വരെയും ജലസേചനത്തിനു വെള്ളമെത്തിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കർഷകരും ജലസേചന വകുപ്പധികാരികളും.