സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ വിമർശനമുയർത്തി കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവൻഷൻ
1464989
Wednesday, October 30, 2024 5:07 AM IST
ചിറ്റൂർ: സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പാർട്ടിഅംഗങ്ങളോടും ഭാരവാഹികളോടും ഏകാധിപത്യ നടപടി സ്വീകരിച്ചു വരുന്നതായി ആരോപിച്ചു കൊഴിഞ്ഞാമ്പാറയിൽ സിപിഎം സമാന്തര കൺവൻഷൻ.
കൊഴിഞ്ഞാമ്പാറ മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ സതീഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരേ രൂക്ഷവിമർശനം ഉയർന്നത്.
പാർട്ടിയിൽ കാലങ്ങളായി സജീവമായി പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും കോൺഗ്രസിൽനിന്നുവന്ന ആളുകൾക്ക് അനർഹമായി പരിഗണന നൽകുന്നുവെന്നും സതീഷ് ആരോപിച്ചു. ജില്ലാ സെക്രട്ടറി ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയുമാണ് പ്രവർത്തകരോടു പെരുമാറുന്നത്. വർഷങ്ങളായി പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിക്കുന്നവരെ അടിമകളായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്.
കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി രണ്ടിലെ 35 അംഗ ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരേ പാർട്ടി സംസ്ഥാനഘടകത്തിനു നിരവധി തവണ പരാതി നൽകിയിരുന്നു. ഇതു സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലാണെന്നും സതീഷ് പറഞ്ഞു. പാർട്ടി സംഘടനാരീതിയ്ക്ക് വിരുദ്ധമായി തെറ്റായകാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണുചെയ്യുന്നത്.
പാർട്ടി സംവിധാനങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയും സാധാരണ പ്രവർത്തകരോട് ഇടപെടുന്നത് അംഗീകരിക്കാൻ ആവില്ല. ഞങ്ങളാണു യഥാർഥ സിപിഎം പ്രവർത്തകരെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവരെ പ്രതിയാക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും സതീഷ് കൂട്ടിച്ചേർത്തു. സ്വകാര്യ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.