ഭൂമി വാങ്ങൽ, വിൽക്കൽ കടുത്ത പ്രതിസന്ധിയിൽ
1464988
Wednesday, October 30, 2024 5:07 AM IST
വടക്കഞ്ചേരി: ഭൂമിയുടെ അടിസ്ഥാനവില നിർണയത്തിലെ അപാകതമൂലം ഭൂമി വാങ്ങൽവിൽക്കലുമായി ബന്ധപ്പെട്ട എല്ലാമേഖലകളും കടുത്ത പ്രതിസന്ധിയിൽ. പലർക്കും കൈവശഭൂമി വിറ്റ് ചികിത്സ നടത്താനോ മക്കളെ വിവാഹംചെയ്തുകൊടുക്കാനോ കഴിയാത്ത ഗുരുതര സ്ഥിതിയാണ് നിലവിലുള്ളത്.
എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണു ആക്ഷേപമുയരുന്നത്. ഭൂമിവിറ്റാൽ അതിൽനിന്നു കിട്ടുന്ന തുകയേക്കാൾ ഉയർന്ന തുക ഭൂമി കൈമാറ്റനടപടികൾക്കു ചെലവ് വരുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.
ഭൂപ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാതെ ഉദ്യോഗസ്ഥർ ഓഫീസിലിരുന്നു ഭൂമിയുടെ അടിസ്ഥാനവില നിശ്ചയിച്ചപ്പോൾ ഉണ്ടായിട്ടുള്ള പോരായ്മകളാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.
വഴിപോലുമില്ലാത്ത സ്ഥലത്തിനും പിഡബ്ല്യുഡി റോഡും മറ്റുസൗകര്യങ്ങളുമുള്ള സ്ഥലത്തിനും ഒരേവിലയാണ് നിശ്ചയിച്ചിട്ടുള്ളത്. കിഴക്കഞ്ചേരി വില്ലേജുകളിൽ ഇത്തരം ന്യൂനത വ്യാപകമായുണ്ട്. തോന്നുംമട്ടിലുള്ള ഫെയർവാല്യു നിർണയവും രജിസ്ട്രേഷൻ സംബന്ധമായ ഉയർന്ന ചെലവുകളുംമൂലം ഭൂമി വിൽക്കാനും വാങ്ങാനോ ആരും തയാറല്ല.
പരിസ്ഥിതിലോലപ്രശ്നങ്ങളും വന്യജീവികളുടെ കടന്നാക്രമണം മൂലമുള്ള അപ്രഖ്യാപിത കുടിയിറക്കലുകളും വലിയൊരു ജനവിഭാഗത്തിനു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. വന്യമൃഗങ്ങൾ ഇറങ്ങുന്ന കൃഷിയിടങ്ങൾക്കടുത്തുള്ള റോഡുകളിൽ വന്യമൃഗമുണ്ട് സൂക്ഷിക്കണം എന്നബോർഡ് സ്ഥാപിച്ച് വനംവകുപ്പും ജനങ്ങളെ ദ്രോഹിക്കുന്നതിൽ മുന്നിലുണ്ട്.
ഇത്തരം ബോർഡുകണ്ടാൽ ആരുംതന്നെ സ്ഥലംവാങ്ങാൻ തയാറാകില്ല. പെൺമക്കളെ വിവാഹം ചെയ്തുകൊടുക്കാൻതന്നെ രക്ഷിതാക്കൾ മടിക്കും. ഇത്തരം പ്രദേശങ്ങളിൽ നിന്നെല്ലാം താമസക്കാരുടെ കൂട്ടത്തോടെയുള്ള പാലായനമാണുണ്ടാകുന്നത്.
വനത്തിൽ സംരക്ഷിക്കേണ്ട വന്യമൃഗങ്ങളെ കാട്ടിൽനിന്നും നാട്ടിലേക്കു ഇറക്കിവിട്ട് ആളുകളെയെല്ലാം ഓടിക്കുകയാണ്. കൃഷി ചെയ്തു ജീവിക്കാൻ വഴിയില്ലാതാകുമ്പോൾ ജനങ്ങൾ താനേ സ്ഥലംവിട്ടുപോകും എന്നതുതന്നെയാണ് ഇതിനെല്ലാം പിന്നിൽ.
ടയർ കമ്പനികൾ സംഘടിച്ച് റബർവില താഴ്ത്തി അതുവഴിയുള്ള വരുമാനവും കർഷകർക്ക് ഇല്ലാതാക്കി. സർക്കാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽക്കാൻപോലും ആളുകൾ തയാറാണെങ്കിലും വാങ്ങാനാളില്ല.
വസ്തു രജിസ്ട്രേഷൻ വഴിയുള്ള വരുമാനവും സർക്കാരിനും ഇല്ലാതാക്കി. ആധാരം എഴുത്തുകാരും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് വടക്കഞ്ചേരിയിലെ ആധാരം എഴുത്തുകാരനായ ഷാജഹാൻ പറഞ്ഞു. ഭൂമിയുടെ അടിസ്ഥാനവില സംബന്ധിച്ച് പരിശോധന നടത്തി വില പുനർനിർണയം ചെയുന്നതിനൊപ്പം രജിസ്ട്രേഷൻ ചെലവുകൾ കുറയ്ക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.