മോഴയാനയെ ഒഴിവാക്കാൻ നടപടി വേണം: കിഫ
1464985
Wednesday, October 30, 2024 5:07 AM IST
നെന്മാറ: അയിലൂർ- വണ്ടാഴി പഞ്ചായത്ത് മലയോരമേഖലയിലെ മോഴയാനശല്യം ഒഴിവാക്കാൻ നടപടി വേണമെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അടിപ്പെരണ്ട വ്യാപാരിഭവൻ ഹാളിലാണ് ഇരുപഞ്ചായത്തുകളെയും മലയോരമേഖലകളിൽ താമസിക്കുന്നവർ കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നത്.
വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ മുതൽ അയിലൂർ പഞ്ചായത്തിലെ കരിമ്പാറ വരെയുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലുമാണ് മോഴയാനയുടെ വിഹാരം. മോഴയാനയെ ഉടൻതന്നെ മയക്കു വെടിവച്ച് ദൂരെ വനപ്രദേശങ്ങളിലേക്കു മാറ്റണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്കു നിവേദനംനൽകാനും നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനും യോഗം തീരുമാനിച്ചു. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷനായി. റിസർച്ച് വിംഗ് കോ-ഓർഡിനേറ്റർ ഡോ. സിബി സക്കറിയാസ്, ജില്ലാ ട്രഷറർ രമേശ് ചേവക്കുളം. ജില്ലാ കമ്മിറ്റിയംഗങ്ങളായ ബെന്നി കിഴക്കേതാഴത്ത്, അബ്രാഹം പുതുശ്ശേരി, ഉസൈൻകുട്ടി അടിപ്പെരണ്ട, ബാബു തടിക്കുളങ്ങര, സന്തോഷ് അരിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.