ജില്ലാ ശാസ്്ത്രോത്സവം: മണ്ണാർക്കാട് ഉപജില്ല മുന്നേറുന്നു
1464982
Wednesday, October 30, 2024 5:07 AM IST
പാലക്കാട്: റവന്യൂജില്ലാ സ്കൂൾ ശാസ്ത്രോത്സവം രണ്ടാംദിവസം പിന്നിട്ടതോടെ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ 1176 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല മുന്നേറുന്നു. 1068 പോയിന്റ് നേടി തൃത്താല ഉപജില്ല രണ്ടാം സ്ഥാനത്താണ്.
മികച്ച സ്കൂളിനായി 314 പോയിന്റ് നേടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി ഒന്നാം സ്ഥാനത്തും 282 പോയിന്റ് നേടി ചളവറ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമുണ്ട്്.
പ്രധാനവേദിയായ ബിഇഎം എച്ച്എസ് സ്കൂളിൽ ശാസ്ത്രമേള സമാപിച്ചു. 105 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല ഓവറോൾ ചാന്പ്യൻഷിപ്പ് നേടി. 95 പോയിന്റ് നേടി തൃത്താല രണ്ടാംസ്ഥാനവും നേടി. മികച്ച സ്കൂളായി 39 പോയിന്റ് നേടി ചളവറ എച്ച്എസ്എസ് ഒന്നും 35 പോയിന്റ് നേടി വടക്കഞ്ചേരി ചെറുപുഷ്പം ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലായി 466 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഇതോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ശാസ്ത്ര നാടകവും ഇന്നലെ അരങ്ങേറി. കുറ്റിപ്പുറം മേഖലാ വിഎച്ച്എസ്ഇ എക്സ്പോയ്ക്കും ഇന്നലെ തുടക്കം കുറിച്ചു. വ്യത്യസ്തങ്ങളായ 58 സ്റ്റാളുകളാണ് അണിനിരന്നത്. ശാസ്ത്രോത്സവത്തിന്റെ സമാപനമായ ഇന്ന് കൈറ്റ് ഐടി അറ്റ് സ്കൂൾ, സുൽത്താൻപേട്ട ജിഎംഎൽപി സ്കൂൾ എന്നിവിടങ്ങളിൽ ഐടിമേളയും ബിഇഎം എച്ച്എസ്എസിൽ സാമൂഹ്യശാസ്ത്രമേളയും സിഎസ്ഐ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ വിഎച്ച്എസ്ഇ എക്സ്പോയും നടക്കും.
ജില്ലയുടെ വിവിധ ഉപജില്ലകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികളാണ് മൂന്ന് ദിവസങ്ങളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.