മലഞ്ചരക്ക് വിപണി സജീവമാകുന്നു
1394636
Thursday, February 22, 2024 1:49 AM IST
വടക്കഞ്ചേരി: മലഞ്ചരക്കു വിപണി ആരംഭിച്ചപ്പോൾ വിപണി പൊതുവെ മാന്ദ്യത്തിലാണെങ്കിലും തോട്ടപ്പയർ, കൊക്കോ എന്നിവയുടെ വിലകളാണു ഇക്കുറി കുതിച്ചുയരുന്നത്.
രണ്ടു ദിവസം മുമ്പുവരെ കിലോയ്ക്ക് 850 രൂപയായിരുന്ന തോട്ടപ്പയർ വില. ഇന്നലെ 900 രൂപയിലെത്തിയെന്ന് വടക്കഞ്ചേരി ടൗണിൽ മെയിൻ റോഡിലുള്ള പ്രമുഖ മലഞ്ചരക്ക് സ്ഥാപനമായ കേരള സ്പൈസസ് ഉടമ ഷൈബു കുര്യാക്കോസ് പറഞ്ഞു.
തോട്ടപ്പയർ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞവർഷം കിലോയ്ക്ക് നാന്നൂറിനടുത്തു മാത്രമായിരുന്നു വില.
ഉൽപാദനം കുറഞ്ഞതാണ് തോട്ടപ്പയർ വില കുതിച്ചുയരാൻ കാരണമായിട്ടുള്ളത്. റബറിന്റെ വിലക്കുറവിൽ നട്ടം തിരിയുന്ന കർഷകർക്കു ചെറിയൊരു ആശ്വാസമാണ് തോട്ടപ്പയറിന്റെ വില വർധനവ്.
കാര്യമായ പരിചരണമൊന്നുമില്ലാതെ പടർന്നു നിറയുന്ന തോട്ടപ്പയർ മൂലധനമിറക്കാതെ കിട്ടുന്ന ഉപവരുമാനം കൂടിയാണ്.
റബർ തൈകളുടെ വളർച്ച വേഗത്തിലാക്കാനും മണ്ണൊലിപ്പു തടയാനും മണ്ണിലെ ജലാംശം സംരക്ഷിക്കാനുമൊക്കെ തോട്ടപ്പയറിനോളം മറ്റൊന്നുമില്ലെന്നാണു കർഷകരും പറയുന്നത്.
എന്നാൽ റബർ വിലയിടിവും സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകളും റീപ്ലാന്റിംഗ് പരമാവധി വൈകിപ്പിച്ച് കിട്ടിയതുമതി എന്ന സമീപനമാണ് കർഷകരും സ്വീകരിച്ചു വരുന്നത്.
ഇതുമൂലം തൈത്തോട്ടങ്ങൾ നന്നേ കുറഞ്ഞു. ഇതു തോട്ടപ്പയർ ഉൽപ്പാദനത്തേയും ബാധിച്ചിട്ടുണ്ടെന്നു എളവമ്പാടം മാതൃകാ റബർ ഉൽപാദക സംഘം ഡയറക്ടർ ഡെന്നി തെങ്ങുംപള്ളി പറഞ്ഞു.
തോട്ടപ്പയറിനു പകരം പൈനാപ്പിൾ കൃഷിക്കായി സ്ഥലം വിട്ടുകൊടുക്കുന്നതും വ്യാപകമായിട്ടുണ്ട്.
ഇതുവഴി മൂന്നുവർഷത്തെ റബർ തൈകളുടെ പരിചരണവും പൈനാപ്പിൾ കരാറുകാർ നടത്തും.
കൊക്കോയുടെ വിലയാണ് ഇക്കുറി കുതിച്ചുയർന്നു നിൽക്കുന്ന മറ്റൊരു ഇനം. കഴിഞ്ഞവർഷം 180 രൂപയായിരുന്നതു ഇപ്പോൾ 430 രൂപ വരെ എത്തിയിട്ടുണ്ട്.
മഞ്ഞൾ വിലയിലും വർധനവുണ്ട്. കഴിഞ്ഞവർഷം 120 രൂപയായിരുന്നതു ഇപ്പോൾ 180 രൂപ വരെയായി.
സീസണിന്റെ തുടക്കത്തിൽ കുരുമുളകുവില ഉയർന്നു വന്നെങ്കിലും പിന്നീടു പുറകോട്ടുപോയി. രണ്ടുദിവസം കൊണ്ട് പത്തുരൂപ വീണ്ടും കുറഞ്ഞ് ഇപ്പോൾ 500 രൂപയായി താഴ്ന്നു.
ചുക്കിനും വില കുറഞ്ഞു. കാലവർഷം നീണ്ടുനിന്നതിനാൽ മാങ്ങ, ചക്ക ഉൽപാദനത്തിലെ കുറവുപോലെ കശുവണ്ടി ഉൽപാദനവും കുറവാണ്. എന്നാൽ കശുവണ്ടി വിലയിൽ വർധനവുമില്ല. കിലോക്ക് 105 രൂപയാണ് പരമാവധി വില.