ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾക്കു തുടക്കം
1339841
Monday, October 2, 2023 12:43 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ തുടങ്ങി. അമൃത് പദ്ധതി പ്രകാരമാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
ഭാവിയിൽ സ്റ്റേഷനെ ട്രാൻസ്പോർട്ട് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
റെയിൽവേ സ്റ്റേഷനു മുൻവശത്തെ റോഡ് മാറ്റാനുള്ള പ്രവർത്തനങ്ങൾക്കാണു തുടക്കമായത്. റോഡ് വെറ്ററിനറി കോംപ്ലക്സിനു സമീപം നിന്നു ഗതി മാറ്റി പാഴ്സൽ ഓഫിസിനു സമീപം എത്തിക്കുന്ന തരത്തിലാണു പ്രവർത്തനങ്ങൾ. ഇതോടെ സ്റ്റേഷനു മുൻവശം കൂടുതൽ സ്ഥലം ലഭ്യമാകും. അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടതോടെയാണ് 24.7 കോടിയുടെ വികസന പദ്ധതികൾ ആരംഭിച്ചത്.
സ്റ്റേഷനിൽ പുതിയ ഫുട് ഓവർബ്രിഡ്ജ് നിർമാണം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ സാധ്യതയും ചർച്ചകളിലുണ്ട്.
മിനിമം എസൻഷ്യൽ അമിനിറ്റി സ്റ്റാൻഡേർഡ് (എംഇഎ) അനുസരിച്ചുള്ള വെയിറ്റിംഗ് ഏരിയകൾ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ എന്നിവ നിർമിക്കും.
കാലാവസ്ഥാ വിവരങ്ങൾ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കും. നിലവിലുള്ള ഇടുങ്ങിയ മുഖംമാറി സ്റ്റേഷനു വിശാലമായ മുറ്റവും പാർക്കിംഗ് ഏരിയയും വരും. ട്രെയിൻ സമയവും മാറ്റങ്ങളും തത്സമയം അറിയിക്കാൻ ആധുനിക സംവിധാനം എല്ലാ പ്ലാറ്റ്ഫോമുകളിലുമുണ്ടാകും.