കിണറുകളിലെ രാസമാലിന്യം; പ്രതിഷേധവുമായി കാട്ടൂരിലെ ജനങ്ങള്‍ തെരുവില്‍
1599503
Tuesday, October 14, 2025 1:09 AM IST
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ കുടിവെള്ളമലിനീകരണ പ്രശ്നത്തിൽ ജനകീയ കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദുവിനെ പ്രതിഷേധമറിയിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.
കാട്ടൂര്‍ മഹിളാ സമാജം ഹാളില്‍ വനിതാ ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രദേശവാസികൾ എത്തിയത്. വൈകീട്ട് നാലോടെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തുനിന്ന് 150ഓളം മന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് പ്രകടനം ആരംഭിച്ചു. പ്രതിഷേധക്കാരെ തടയുന്നതിന് കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
മന്ത്രി പങ്കെടുക്കുന്ന വേദിക്കു 100 മീറ്റര്‍ അകലെ പോലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞു.
ഇതോടെ ജനങ്ങള്‍ റോഡില്‍ കുത്തിയിരിപ്പു നടത്തി. വൈകീട്ട് ആറര വരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേ ധം തുടർന്നു.
ഇതിനിടെ മന്ത്രി ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. പ്രതിഷേധക്കാരെ കാണാനോ സംസാരിക്കാനോ മന്ത്രി ശ്രമിച്ചില്ല.
ഇന്നലെ രാവിലെ 8.30ന് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു മുന്നില്‍ ആരംഭിച്ച ഉപരോധസമരം ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം പേരാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്.
കുടിവെള്ളസംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍ അധ്യക്ഷനായി. ഉപരോധ സമരത്തിനും റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധത്തിനും പഞ്ചായത്തംഗം മോളി പിയൂസ്, ട്രഷറര്‍ ജോയ് തോമസ് തുടങ്ങിയവർ നേതൃത്വം നല്കി.
റോഡില്‍ കുത്തിയിരുപ്പു സമരം നടത്തിയ 30 ഓളം പേര്‍ക്കെതിരെ കാട്ടൂര്‍ പോലീസ് കേസെടുത്തു.