കൊമ്പൻ ഗോകുൽ ചരിഞ്ഞു
1599501
Tuesday, October 14, 2025 1:09 AM IST
ഗുരുവായൂർ: രണ്ടു വയസുള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ കൊമ്പൻ ഗോകുൽ 33 ാം വയസിൽ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു ചരിഞ്ഞത്. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിലേറെയായി ആന ചികിത്സ യിലായിരുന്നു. കുറച്ചുദിവസങ്ങളായി തീറ്റ എടുക്കുന്നതു കുറവായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടി മണക്കു ളങ്ങര ക്ഷേത്രത്തിൽ നടന്ന എഴുന്നള്ളിപ്പിനിടെ ഗുരുവായൂർ ദേവസ്വം കൊമ്പൻ പീതാം ബരൻ ഗോകുലിനെ കുത്തിയിരുന്നു. അന്ന് ഗോകുലിന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു. പിന്നീട് ആന ക്ഷീണിതനായിരുന്നു. മുറിവ് ഉണങ്ങിയശേഷം കഴിഞ്ഞ തൃശൂർ പൂരത്തിന് രാത്രി തിരുവ മ്പാടിക്കായി എഴുന്നള്ളിച്ചിരുന്നു. ഒന്നരമാസം മുമ്പുവരെയും ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്കും ആന എത്തിയിരുന്നു.
1994 ജനുവരി ഒമ്പതിന് കൊച്ചി ചുള്ളിക്കൽ അറക്കൽ വീട്ടിൽ രഘുനാഥാണു ഗോകുലിനെ ക്ഷേത്രത്തിൽ നടയിരു ത്തിയത്. രണ്ടാം വയസിൽ നടയിരുത്തിയപ്പോൾ ഗോകുൽ എല്ലാവർക്കും കൗതുകമായിരുന്നു. തെങ്ങുവീണ് പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് ഗോകുലിന്റെ ഒരു കൊമ്പ് നീക്കം ചെയ്തിരുന്നു. ഫൈബർ കൊമ്പു പിടിപ്പിച്ചാണ് എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്നത്.മൂന്നു പ്രാവശ്യം ആനയോട്ടത്തിൽ ജേതാവായിരുന്നു.ഗോകുലിന്റെ വിയോഗത്തോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു.
ഗോകുലിന് മർദനമേറ്റതായി
ആക്ഷേപം
ഗുരുവായൂർ: കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി വ്യാപക ആക്ഷേപം. ആനക്കോട്ടയിൽ കെട്ടുംതറിയിൽ തളച്ചിരുന്ന കൊമ്പൻ ഗോകുലിനെ സെപ്റ്റംബർ ഒമ്പതിന് രാത്രി10ന് മർദിച്ചതുമായി ബന്ധപ്പെട്ട് ഗോകുലിന്റെ രണ്ടാം പാപ്പാൻ ജി. ഗോകുൽ, മൂന്നാംപാപ്പാൻ കെ.എ. സത്യൻ എന്നിവരെ സെപ്റ്റംബർ 26 ന് ചേർന്ന ദേവസ്വംഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു.
മർദനം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആനക്കോട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഈ സംഭവശേഷം ഗോകുൽ ഏറെ ക്ഷീണിതനായിരുന്നു. ആന തീറ്റയെടുക്കുന്നത് കുറഞ്ഞതോടെ ചികിത്സ ആരംഭിച്ചിരുന്നു. കൂടുതൽ ക്ഷീണിതനായതിനാൽ ഞായറാഴ്ച ആനയ്ക്ക് ഡ്രിപ്പ് നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്.
ഗുജറാത്തിലെ ആനസംരക്ഷണകേന്ദ്രമായ വൻതാര ഫാമിലെ ഡോക്ടർമാരെ ദേവസ്വത്തിലെ ആനകളുടെ ചികിത്സയ്ക്ക് മേൽനോട്ടം നൽകുന്നതിനു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദേവസ്വത്തിലെ 70 ഓളം പാപ്പാന്മാർ കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർക്കു നിവേദനം നൽകി.
ഇവിടത്തെ മികച്ച ചികിത്സാസൗകര്യങ്ങൾ ദേവസ്വത്തിൽ നടപ്പിലാക്കിയാൽ ആനകളുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചമാവുമെന്നാണു പാപ്പാന്മാരുടെ അഭിപ്രായം.