മൂന്നുപീടിക ബീച്ച് റോഡ്: ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം
1599497
Tuesday, October 14, 2025 1:09 AM IST
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത കയ്പമംഗലം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധം ശക്തം.
കയ്പമംഗലം പഞ്ചായത്തിലെ സുപ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്. തീരദേശമേഖലയിൽനിന്നു ദേശീയപാതയിലേക്ക് എത്താനുള്ള ഗതാഗതമാർഗമാണിത്. ബീച്ച് റോഡ് വായനശാലയ്ക്കുസമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ പലതുകഴിഞ്ഞു.
റോഡിലെ ഗർത്തങ്ങൾ കാരണം നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. അപകടങ്ങൾ ഈ മേഖലയിൽ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നുപീടിക മേഖലയിലെ ബാങ്കുകൾ, വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദം, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിരവധിപേരാണ് ഈ വഴി സഞ്ചരിക്കുന്നത്.
നിരവധിതവണ അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഇതേവരെ ഉണ്ടായിട്ടില്ല.
മൂന്നുപീടിക ബീച്ച് റോഡ് യാത്രക്കാരോടുള്ള കയ്പമംഗലം പഞ്ചായത്തിന്റെ ക്രൂരത അവസാനിപ്പിക്കുക, റോഡ് ടാറിംഗ് നടത്തി യാത്രായോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും നടത്തി.
മൂന്നുപീടിക ബീച്ച് റോഡ് ദേവമംഗലം സെന്ററിൽനിന്നു പന്തം കൊളുത്തി ആരംഭിച്ച നൈറ്റ് മാർച്ച് മൂന്നുപീടികയിൽ സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധയോഗത്തിൽ ഇ.ആർ. ജോഷി അധ്യക്ഷതവഹിച്ചു.
മുഫ്ത്തിക്കർ, ടി.വി. സുരേഷ്, വി.എം. നസീർ, നൂറുൽ ഹുദ, നൗഷാദ് മൂന്നുപീടിക തുടങ്ങിയവർ പ്രസംഗിച്ചു.