മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ അക്രമം
1535923
Monday, March 24, 2025 1:19 AM IST
അരിമ്പൂർ: മയക്കുമരുന്നുപയോഗിച്ച് അക്രമാസക്തനായ യുവാവിന്റെ അടിയേറ്റ് പഞ്ചായത്തംഗത്തിന് പരിക്ക്.
അരിമ്പൂർ പഞ്ചായത്ത് അംഗവും സിപിഎം കുന്നത്തങ്ങാടി ലോക്കൽകമ്മിറ്റി സെക്രട്ടറിയുമായ കെ. രാഗേഷിനാണ് പരിക്കേറ്റത്. മനക്കൊടി കിഴക്കുംപുറം ഭാഗത്ത് വെള്ളിയാഴ്ച രാത്രി മയക്കു മരുന്നുപയോഗിച്ച് യുവാവ് അക്രമാസക്തനായ വിവരമറിഞ്ഞാണ് രാഗേഷ് സ്ഥലത്തെത്തിയത്. യുവാവ് കടകൾക്കുനേരെ ആക്രമണംനടത്തിയത് സംബന്ധിച്ച് അന്തിക്കാട് പോലീസിൽ വിവരം അറിയിച്ചെങ്കിലും ഒരുമണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്തിയില്ല.
തുടർന്ന് രാഗേഷും ലോക്കൽകമ്മിറ്റി അംഗം അജയകുമാറും ചേർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവ് അവിടേയും പ്രശ്നമുണ്ടാക്കിയപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം, പോലീസുകാരുടെ സഹായത്തോടെ പടിഞ്ഞാറെകോട്ടയിലെ മാനസികാരോഗ്യകേന്ദ്ര ത്തിലേക്ക്കൊണ്ടുപോയി.
ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ യുവാവ് മുറിയിൽകിടന്ന മരക്കസേരയെടുത്ത് രാഗേഷിന്റെ തലയ്ക്കുപിന്നിൽ അടിക്കുകയായിരുന്നു. അയ്യന്തോൾ സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസെത്തിയാണ് യുവാവിനെ കീഴ്പെടുത്തിയത്.