ആ ഘനഗംഭീര ശബ്ദം ഇനിയില്ല
1535922
Monday, March 24, 2025 1:19 AM IST
സി.എസ്. ദീപു
തൃശൂർ: "ആകാശം മാറും. ഭൂതലവും മാറും. ആദിമുതൽക്കേ മാറാതുള്ളത് യേശുവിന്റെ വചനം മാത്രം'... 1999ൽ പുറത്തിറങ്ങിയ ജീസസ് എന്ന ഭക്തിഗാന ആൽബം കേട്ടവരൊന്നും ഈ ആമുഖം മറക്കില്ല. മലയാളത്തിൽ തരംഗമായി മാറിയ ആൽബത്തിലെ പാട്ടുകൾക്കൊപ്പം ആമുഖമായി മുഴങ്ങിയ ടോണി വട്ടക്കുഴിയുടെ ശബ്ദവും ശ്രോതാക്കൾ ഏറ്റെടുത്തു. പൂരപ്പറന്പിലെ പരസ്യ വാചകങ്ങൾ മുതൽ ആൽബങ്ങളിലും വെള്ളിത്തിരയിലുംവരെ പാറിയെത്തിയ നാദമയൂഖമായി ടോണി കസറി.
ജീസസ്, ദിവ്യദാനം, ദിവ്യ സമ്മാനം, പിതാവ്, കർത്താവ്, സ്രഷ്ടാവ്, യഹോവ, ഗുരു, ക്രൈസ്റ്റ്, ജീസസ് ക്രൈസ്റ്റ്, ദി ലോർഡ്, എമ്മാനുവൽ, ഗോഡ് ബ്ലെസ് യു തുടങ്ങി നിരവധി ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളുടെ ആമുഖ ശബ്ദമായി ടോണിയുടെ ഘനഗാംഭീര്യം നിറഞ്ഞ ശബ്ദംമുഴങ്ങി. പിന്നീട് അതൊരു തരംഗമായി മാറി. തൃശൂർ പൂരംപ്രദർശന വേദികളിലെ നിരവധി പരസ്യങ്ങളിലും ടോണിയുടെ ശബ്ദമുണ്ടായി. ആദ്യംമുതൽ അവസാനംവരെ പ്രദർശനത്തിനെത്തുന്നവരുടെ ശ്രദ്ധയെ പിടിച്ചുനിർത്താൻ പൂരത്തിന്റെ പെരുമയോളം ഉയർന്ന ടോണിയുടെ ശബ്ദത്തിനുകഴിഞ്ഞു. നിരവധി പരസ്യ ചിത്രങ്ങളിലും തെരഞ്ഞെടുപ്പുകാലത്തു വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ അനൗണ്സ്മെന്റുകളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി ടോണിയുടെ ശബ്ദംമാറി.
കുട്ടിക്കാലത്ത് വിക്ക് ഉണ്ടായിരുന്നു ടോണിക്ക്. എന്നാൽ പാട്ടുകൾ പാടുന്പോൾ വിക്ക് ഇല്ലായിരുന്നു. വിക്കു മാറുന്നതിനായി ബൈബിളിലെ ഉത്പത്തി ഭാഗങ്ങൾ വായിക്കാൻ നിർബന്ധിച്ചത് സിസ്റ്റർ ക്ലാരൻസ് ആയിരുന്നു. ബൈബിൾ വായിച്ചു വായിച്ചാണ് ഏഴാം ക്ലാസോടെ വിക്ക് മാറിയത്. കുട്ടനെല്ലൂർ റീജൻസി ക്ലബിൽ സെക്രട്ടറിയായിരുന്നപ്പോഴാണു പരിപാടികൾക്ക് അവതാരകനായി ശബ്ദം നൽകിയത്.
വിശ്വഹിന്ദു സമ്മേളനത്തിന്റെ അനൗണ്സ്മെന്റാണ് ആദ്യമായി റെക്കോർഡ് ചെയ്തത്. തൃശൂർ നഗരത്തിൽ എല്ലായിടത്തും മൈക്ക് വച്ച് പ്രചരിപ്പിച്ചതോടെ കളക്ടർ അത് നിരോധിച്ചു. ശബ്ദത്തിനു കാഠിന്യം കൂടുതലാണെന്നായിരുന്നു കാരണം! പിന്നീട് നിരവധി ആളുകൾ പരസ്യത്തിനു ശബ്ദം നൽകണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചു. തമിഴ് മുതൽ ഒറിയവരെയുള്ള 14 ഭാഷകളിൽ ശബ്ദം നൽകിയിട്ടുണ്ട്. ഏറ്റവും കഷ്ടപ്പെട്ട് ചെയ്തത് ഖുറാനു ശബ്ദം നൽകിയതാണെന്നും ടോണി പറഞ്ഞിട്ടുണ്ട്.
ഇതിനുശേഷം തച്ചങ്കരിയുടെ "വാഗ്ദാനം' എന്ന കാസറ്റിനു ശബ്ദം നൽകി. ആദ്യമായി ഡ്യൂവറ്റിനു ശബ്ദം നൽകിയത് കെ.എസ്. ചിത്രയ്ക്കൊപ്പമായിരുന്നു. ഗാനങ്ങൾക്കടിയിൽ ഇടകലർത്തിയ സംഭാഷണമെന്ന നിലയിലാണ് പാട്ടു പുറത്തുവന്നത്. അതിനുശേഷമാണു ക്രിസ്ത്യൻ ഭക്തിഗാന മേഖലയിലെ അതികായൻ പീറ്റർ ചേരാനല്ലൂർ സമീപിച്ചത്. ജീസസ് എന്ന ആൽബത്തിലെ പ്രശസ്തമായ ആമുഖം റെക്കോർഡ് ചെയ്തു. പിന്നീടു നിരവധി റേഡിയോ പരസ്യങ്ങൾ. ഒരുകാലത്ത് ദിനേന 50 പരസ്യങ്ങൾക്കുവരെ ശബ്ദംനൽകി.
അന്പത്തഞ്ചാം വയസിൽ ഇരുചക്ര വാഹന കന്പനിയുടെ ഡീലർഷിപ്പിൽനിന്നുമാറി. അതിനുശേഷംവന്ന ആദ്യത്തെ വിളി സംവിധായകൻ ജീത്തു ജോസഫിന്റേത്. പൃഥ്വിരാജ് നായകനായ ഊഴം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജെ.പി. എന്ന മാർക്കേസിനു ശബ്ദംകൊടുത്തു. പിന്നീട് ജീത്തുവിന്റെ എല്ലാ സിനിമകളിലും അവസരം ലഭിച്ചു. പ്രണവ് മോഹൻലാൽ നായകനായ ആദിയിലെ വില്ലനും പുലിമുരുകനിലെ ജഗപതി ബാബുവിനും ശബ്ദം നൽകി. ദൃശ്യം-2, നേര് എന്നീ ചിത്രങ്ങളിലും എത്തി.
അതിനുശേഷം കെജിഎഫ്-2 മലയാളത്തിൽ എത്തിയപ്പോൾ സിബിഐ ഡയറക്ടർ രാഘവൻ എന്ന കഥാപാത്രത്തിന്റെ ശബ്ദം ടോണിയുടേതായിരുന്നു. അതിൽ ക്ലൈമാക്സ് വരെയുള്ള മുക്കാൽ മണിക്കൂറോളം ടോണിയുടെ ശബ്ദം നിറഞ്ഞുനിന്നു. വിശുദ്ധ മദർ തെരേസയുടെ സംസ്കാര ചടങ്ങുകൾ ഓൾ ഇന്ത്യ റേഡിയോയ്ക്കുവേണ്ടി വിവരിച്ചപ്പോൾ പലയിടത്തും വാവിട്ടു കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൂന്നുവർഷം കൊണ്ട് ബൈബിളിനും ശബ്ദംനൽകി.
ആയിരക്കണക്കിനു പരസ്യങ്ങൾക്കും ആൽബങ്ങൾക്കും ഡോക്യുമെന്ററികൾക്കും ശബ്ദംനൽകിയ ടോണി സിനിമയിൽ സജീവമാകുന്പോഴാണ് അപ്രതീക്ഷിത വിയോഗം.