ലഹരിവിരുദ്ധ സന്ദേശംപകർന്ന് ആവേശമായി ‘മാള മാരത്തൺ’
1535920
Monday, March 24, 2025 1:19 AM IST
മാള: ‘ഓടാം നമുക്ക് നന്മ നിറഞ്ഞ ഒരു തലമുറയ്ക്കായി’ എന്ന ആപ്തവാക്യവുമായി മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ നടന്ന മാള മാരത്തൺ 2025 ആവേശമായി. രണ്ടായിരത്തോളംപേർ പങ്കെടുത്ത മാരത്തൺ വി.ആർ. സുനിൽകുമാർ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.
മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. അഷറഫ്, മാള ജുമാ മസ്ജിദ് ഇമാം ജനാബ് സുബൈർ മന്നാനി എന്നിവർ സംസാരിച്ചു. മാരാത്തണിന് മുന്നോടിയായിനടന്ന സുംബാ ഡാൻസ് മത്സരാർഥികൾക്ക് ആവേശമായി. മാള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു ആരംഭിച്ച ഫൺ റൺ തോമസ് ഉണ്ണിയാടൻ ഫ്ലാഗ്ഓഫ് ചെയ്തു.
മാള മാരത്തണിന്റെ സമാപനസമ്മേളനം തോമസ് ഉണ്ണിയാടൻ ഉദ്ഘാടനംചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ, ഹോളിഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ഫാർമസി കോളജ് ഡയറക്ടർ ഡോ. അജിത്കുമാർ, എൻജിനീയറിംഗ് കോളജ് ഡയറക്ടർ എസ്. ചന്ദ്രകാന്ത, എംബിഎ കോളജ് ഡയറക്ടർ ഡോ. ജിയോ ബേബി എന്നിവർ സംസാരിച്ചു.
10 കിലോമീറ്റർ പുരുഷവിഭാഗത്തിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ദേശീയതാരം നബീൽ സഹി ഒന്നാംസ്ഥാനവും ദേശീയതാരം സന്ദീപ് രണ്ടാംസ്ഥാനവും ദേശീയതാരം ആർ.എസ്. മനോജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 10 കിലോമീറ്റർ വനിതാവിഭാഗത്തിൽ വി. രഞ്ജിത ഒന്നാംസ്ഥാനവും പൗർണമി രണ്ടാംസ്ഥാനവും സുപ്രിയ മൂന്നാംസ്ഥാനവുംനേടി.