സർവീസ് റോഡ് പൊളിച്ചിട്ട് മാസങ്ങളായി; കല്ലിടുക്കിൽ കലുങ്കുനിർമാണം തുടങ്ങിയില്ല
1535255
Saturday, March 22, 2025 12:59 AM IST
പട്ടിക്കാട്: ദേശീയപാതയിൽ കല്ലിടുക്ക് ഭാഗത്തെ സർവീസ് റോഡ് കുറുകെ പൊളിച്ചിട്ടിട്ട് മാസങ്ങളായി. ഈ ഭാഗത്തെ കലുങ്ക് പുനർനിർമിക്കാനാണ് റോഡ് പൊളിച്ചതെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും പണികൾ തുടങ്ങിയിട്ടില്ല. കല്ലിടുക്ക് ജംഗ്ഷനിൽ അടിപ്പാതയുടെ പണികൾ നടക്കുന്ന ഭാഗത്താണ് ഹൈവേയുടെ ഇരുഭാഗത്തും സർവീസ് റോഡുകൾ പൊളിച്ചിരിക്കുന്നത്.
പണികൾ അനിശ്ചിതമായി നീണ്ടതോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയോടുചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. ഇവിടെ എത്തുന്ന വാഹനങ്ങൾക്ക് ഒരു കിലോമീറ്ററോളം ദൂരം തിരികെ സഞ്ചരിച്ചെങ്കിൽ മാത്രമേ ഹൈവേയിലേക്ക് പ്രവേശിക്കാനാകൂ.
ഈ ഭാഗത്താണെങ്കിൽ സർവീസ് റോഡ് പ്രധാന പാതയേക്കാൾ വളരെ താഴെയുമാണ്. കല്ലിടുക്കിൽ അടിപ്പാതയുടെ പണികൾ തുടങ്ങിയശേഷമാണ് സർവീസ് റോഡുകൾ പൊളിച്ചത്.
ഹൈവേയുടെ ഇരുഭാഗത്തു നിന്നും വെള്ളം സുഗമമായി കടന്നുപോകാൻ കഴിയുന്ന തരത്തിലായിരുന്നില്ല ആദ്യത്തെ കരാർ കമ്പനിയായിരുന്ന കെഎംസി അവിടെ കലുങ്ക് നിർമിച്ചത്. പിന്നീട് ഇത് പൊളിക്കുകയായിരുന്നു. കല്ലിടുക്കിൽ അടിപ്പാതയുടെ പണികൾ നടക്കുന്നതിനാൽ ആറുവരിപ്പാതയിലും ഗതാഗത നിയന്ത്രണമുണ്ട്.