കൊരട്ടിയിൽ ഡയപ്പർ - നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റിന്റെ നിർമാണോദ്ഘാടനം നടന്നു
1534944
Friday, March 21, 2025 1:23 AM IST
കൊരട്ടി: ഡയപ്പറും, നാപ്കിനും ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൊരട്ടി ഗ്രാമപഞ്ചായത്തിൽ ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റ് ആരംഭിക്കുന്നു.
ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിൻയും സംയുക്ത പദ്ധതിയായി 24 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്താണ് കൊരട്ടി. കിടപ്പുരോഗികളും, വാർധക്യത്തിന്റെ ദൈന്യത നേരിടുന്നവരും ഉപയോഗിക്കുന്ന ഡയപ്പറുകളും മറ്റും സംസ്കരിക്കുന്നതിന് യൂണിറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ പരിഹാരമാകും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുള്ളറെയ്ഡ്ക്കോ ആണ് നിർവഹണ ഏജൻസി.
ചാലക്കുടി നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും മുൻസിപ്പാലിറ്റിയിൽനിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കി ഹരിതകർമസേന വഴി മാലിന്യം ശേഖരിക്കും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിനോട് ചേർന്നാണ് യൂണിറ്റ് സ്ഥാപിക്കുന്നത്.
യൂണിറ്റിന്റെ നിർമാണോദ്ഘാടനം പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷയായി. അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ പി.എസ് സുമേഷ്, വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, ജിസി പോൾ, ഷിമ സുധിൻ, ജെയ്നി ജോഷി, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി എം.ജെ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.