മോതിരക്കണ്ണിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
1534941
Friday, March 21, 2025 1:23 AM IST
മോതിരക്കണ്ണി: ആർസിസി നഗറിൽ കരിപ്പായി മേരി ജോണിയുടെ വീട്ടുമുറ്റത്ത് കാട്ടാനകൾ എത്തി വാഴയും അടയ്ക്കാമരങ്ങളും നശിപ്പിച്ചു. മൺകട്ടകൊണ്ട് പണിത ഓടിട്ട വീട്ടിൽ താമസിക്കുന്ന വൃദ്ധയായ മേരി കാട്ടാനകളെ കണ്ട് ഭയന്നു. കരിപ്പായി ഡേവീസ്, തോട്ട്യാൻ അന്തോണി റോസി എന്നിവരുടെ പറമ്പിൽ കയറി കൃഷികൾ നശിപ്പിച്ചു. ആഴ്ചയിൽ രണ്ടു പ്രാവശ്യം ആന ഇറങ്ങുന്നതു പതിവായിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. പോളി സ്ഥലം സന്ദർശിച്ച് ഫോറസ്റ്റ് അധികാരികളെ വിവരം ധരിപ്പിച്ചു. ആനകളെ ഈ പ്രദേശത്തുനിന്ന് തുരത്തുന്നതിന് നടപടി സ്വീകരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിലാർമുഴി കോട്ടാമല പ്രദേശത്തും കൊന്നക്കുഴിയിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കുമ്പളാമുടിയിൽ മുനിപ്പാറ മേച്ചേരി ഡേവീസിന്റെ പറമ്പിൽ കയറി കൃഷികൾ നശിപ്പിച്ചു. വൈദ്യുത വേലി തകർത്താണ് കാട്ടാനകൾ പറമ്പിൽ കടന്നത്. 100 കുലച്ച വാഴകൾ അടക്കം 250 വാഴകളും കപ്പയും നശിപ്പിച്ചു. ഇവിടെ വ്യാപകമായി കൃഷികൾ നശിപ്പിച്ചിരിക്കയാണ്.