ലോട്ടറി വില്പനക്കാരനായ വയോധികന് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു
1513907
Friday, February 14, 2025 1:07 AM IST
പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂച്ചക്കുന്നില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ലോറിയിടിച്ച് ലോട്ടറിവില്പനകാരനായ വയോധികന് മരിച്ചു. മറ്റു രണ്ടുപേര്‍ക്കു പരിക്കേറ്റു. പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂര്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് ശങ്കുണ്ണി(75)യാണു മരിച്ചത്. ലോറിയിലെ ക്ലീനര്‍ അതിഥിത്തൊഴിലാളിയായ സച്ചിനും മറ്റൊരു സ്കൂട്ടര്‍ യാത്രക്കാരനുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം.
പറപ്പൂര് ഭാഗത്തുനിന്നു മെറ്റല്‍ കയറ്റിവരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ടാണ് അപകടം ഉണ്ടായത്. പൂവത്തൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് ലോട്ടറി എടുക്കുന്നതിനായി പെട്ടെന്ന് റോഡ് ക്രോസ് ചെയ്തപ്പോള്‍ അയാളെ രക്ഷിക്കാനായി ലോറി വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
റോഡരികിലെ മതിലിനോടുചേര്‍ന്ന് ലോട്ടറിവില്പന നടത്തിയിരുന്ന ശങ്കുണ്ണിയെ ഇടിച്ചശേഷം ലോറി മതിലിടിച്ചുതകര്ത്ത് നില്‍ക്കുകയായിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിയ അതിഥിത്തൊഴിലാളിയും ക്ലീനറുമായ സച്ചിനെ ഗുരുവായൂരില്‍നിന്ന് അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. ലോറി ക്ലീനറെയും സ്കൂട്ടര്‍ യാത്രക്കാരനെയും നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച ശങ്കുണ്ണിയുടെ ഭാര്യ: ലക്ഷ്മി. മക്കള്‍: ഹിറോഷ്, ഹിഷോര്, ഹിജേഷ്, ഹിഷില്. മരുമക്കള്‍: ബിന്ദു, രേഷ്മ, നിധില, ഭവ്യ.