500 മീറ്റർ നടപ്പാത നവീകരണം നടപ്പാക്കാതെ കോർപറേഷൻ
1497644
Thursday, January 23, 2025 2:01 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സ്വരാജ് റൗണ്ടിൽ കുട്ടികളുടെ പാർക്ക് മുതൽ പാറമേക്കാവ് ക്ഷേത്രത്തിനടുത്തുള്ള അടിപ്പാതവരെയുള്ള അഞ്ഞൂറു മീറ്റർ ഫുട്പാത്ത് നവീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതെ കോർപറേഷൻ. മേയർക്കു പരാതിനൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ അഡ്വ. ഷാജി കോടങ്കണ്ടത്ത് കോടതിയെ സമീപിച്ചാണ് ഉത്തരവ് വാങ്ങിയത്. പൂരത്തിനുമുന്പ് നവീകരിക്കണമെന്ന 2023ലെ ഇടക്കാല ഉത്തരവ് നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യഹർജിയും നൽകി.
ഉത്തരവുവന്ന് ആറുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതിയലക്ഷ്യഹർജി നൽകിയത്. ഫുട്പാത്ത് ടൈൽ വിരിക്കാൻ പൊതുമരാമത്ത് കമ്മിറ്റി യോഗം തീരുമാനമെടുത്തെന്നും കൊച്ചിൻ ദേവസ്വം ബോർഡിൽനിന്നു ലീസിനെടുത്ത സ്ഥലമായതിനാൽ നിരാക്ഷേപപത്രം ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്നും കോടതിയെ ബോധിപ്പിച്ചു.
ഇതിനുമുന്പു നടത്തിയ നിർമാണങ്ങൾക്കൊന്നും ദേവസ്വം ബോർഡിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. കേസ് കോടതിയിലെത്തിയതോടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാദം ഉന്നയിക്കുകയായിരുന്നു. നിർമാണത്തിനു തടസമില്ലെന്നു ദേവസ്വം സർട്ടിഫിക്കറ്റ് നൽകിയതോടെ ടൈൽ വിരിക്കൽ ഉടൻ പൂർത്തിയാക്കുമെന്നു സത്യവാങ്മൂലം നൽകി കേസ് അവസാനിപ്പിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് ടെൻഡർ ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്നു പറഞ്ഞു നിർമാണം വീണ്ടും വൈകിപ്പിച്ചു.
നിലവിൽ ഒരുകോടിയോളം വകയിരുത്തിയിട്ടും ഏറ്റെടുക്കാൻ ആളില്ലെന്ന നിലപാടിലാണ് കോർപറേഷൻ. നിർമാണത്തിന് ഉത്തരവിട്ടശേഷം മൂന്നു പൂരം കഴിഞ്ഞാലും നടപടിയുണ്ടാകില്ലെന്നും കോടതിയെപ്പോലും ധിക്കരിക്കുന്ന നിലപാടാണിതെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ജില്ലാ ആശുപത്രി, പാറമേക്കാവ് ക്ഷേത്രം തുടങ്ങിയ സ്ഥലത്തേക്കടക്കം നൂറുകണക്കിനു കാൽനടക്കാർ ആശ്രയിക്കുന്ന ഫുട്പാത്താണിത്. രണ്ടു കിലോമീറ്റർ ആകെ ദൈർഘ്യമുള്ള ഔട്ടർ ഫുട്പാത്തിന്റെ 500 മീറ്റർ ഭാഗമാണു പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. വഴിയാത്രക്കാരും കുട്ടികളും ഫുട്പാത്തിലെ കുഴികളിൽ വീഴുന്നതു പതിവാണെന്നും ചൂണ്ടിക്കാട്ടുന്നു.