‘ന്യായവില അന്യായവിലയായി, ഭൂമിയുടെ ഫെയര്‍വാല്യു പ്രശ്നം പരിഹരിക്കണം’
1493570
Wednesday, January 8, 2025 7:39 AM IST
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
2010ല്‍ യുഡിഎഫിന്റെ ഭരണകാലത്താണ് എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയര്‍വാല്യു പുതുക്കി നിശ്ചയിച്ചത്. പുതുക്കിയപ്പോള്‍ ഭൂമിയുടെ ന്യായവില അന്യായവിലയായി മാറി. എടതിരിഞ്ഞിയില്‍ ഒരു വ്യവസായ പാര്‍ക്ക് കൊണ്ടുവരുമെന്ന വ്യാജേന എറണാകുളത്തെ ഭൂമാഫിയവുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഫെയര്‍വാല്യു നിശ്ചയിച്ചത്.
ഇരിങ്ങാലക്കുട പട്ടണത്തിലെ ഭൂമിയുടെ ന്യായവിലയേക്കാളും പതിന്മടങ്ങ് അധികരിച്ച തോതിലാണ് എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍വാല്യു കണക്കാക്കിയിട്ടുള്ളതെന്ന് മനോജ്കുമാര്‍ ആരോപിച്ചു. ഫെയര്‍വാല്യു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എടതിരിഞ്ഞി വില്ലേജിലെ ജനങ്ങള്‍ നിരന്തരമായി പരാതികള്‍ റവന്യു വകുപ്പിന് നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
ഭൂവുടമകള്‍ക്ക് ഫീസ് ചുമത്തി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന അദാലത്ത് ഒട്ടും നീതിയുക്തമല്ല. അദാലത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഫെയര്‍ വാല്യു പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വി.എ. മനോജ്കുമാര്‍ ആവശ്യപ്പെട്ടു.