കനത്ത വെള്ളക്കെട്ട്: നാട്ടുകാർ ബൈപാസ് നിർമാണം തടഞ്ഞു
1484393
Wednesday, December 4, 2024 6:45 AM IST
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ബൈപാസ് നിർമിക്കുന്ന കയ്പമംഗലം പഞ്ചായത്ത് 12-ാം വാർഡ് പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരിസരങ്ങളിലെ വെള്ളം ഒഴുകിപ്പോകാനുള്ള കാനകൾ അശാസ്ത്രീയമായി ദേശീയപാത നിർമാണ കമ്പനി നിർമിച്ചതുകൊണ്ടാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് പ്രദേശ വാസികൾ പറഞ്ഞു.
കനത്ത വെള്ളക്കെട്ടിനെ തുടർന്ന് മേഖലയിലെ മുപ്പതോളം വീടുകളിൽ വെള്ളം കയറിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സ്ഥലത്തെത്തി നാഷണൽ ഹൈവേ അധികൃതരെ വിളിച്ച് വരുത്തി സംഭവത്തിന്റെ ഗൗരവാവസ്ഥ വിശദീരിച്ചു. ഇതേത്തുടർന്ന് കാന പൊളിച്ച് കലുങ്കുകളിലേക്ക് വെള്ളം സുഗമമായി പോകാനുള്ള പണികൾ ആരംഭിച്ചു.
പദ്ധതി പ്രദേശത്തുള്ള രണ്ട് കലുങ്കുകളിലേക്കും വലിയ പൈപ്പുകളിട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകി. മതിലകം ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, ബി.എസ്. ശക്തിധരൻ, സി.ജെ. ജോഷി, ഇ.ആർ. ജോഷി,വാർഡ് മെമ്പർമാരായ സി.ജെ. പോൾസൺ, യു.വൈ. ഷമീർ, ഇസ്ഹാക്ക് ഷാജഹാൻ, സിബിൻ, മണി ഉല്ലാസ്, പി.കെ. സുകന്യ, പൊതുപ്രവർത്തകൻ ഇല്യാസ്, റഷീദ്, നൗഷാദ് , നസീർ, പത്മിനി തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
ബൈപാസ് നിർമാണം തടഞ്ഞ വിവരമറിഞ്ഞു കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.