കണ്ണന്റെ ആനയഴക് ആസ്വദിച്ച് അവർ ഒത്തുകൂടി; പ്രസാദഊട്ട് നൽകി ദേവസ്വം സ്വീകരിച്ചു
1458433
Wednesday, October 2, 2024 7:56 AM IST
ഗുരുവായൂർ: വയോജന ദിനത്തിൽ കണ്ണന്റെ ഗജകേസരികളുടെ അഴക് ആസ്വദിച്ച് മുതിർന്ന പൗരന്മാർ ആനക്കോട്ടയിൽ ഒത്തുകൂടി. ആനകളെ അടുത്തത്തി മതിയാവോളം കണ്ടും ആനയറിവുകൾ കേട്ടും പകൽ ആനക്കോട്ടയിൽ ചെലവഴിച്ചു. ഹൃദ്യമായ വരവേൽപ്പു നൽകി ഗുരുവായൂർ ദേവസ്വം പ്രസാദഊട്ട് വിഭവങ്ങൾ നൽകി ആതിഥ്യമേകി.
പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പകൽയാത്ര. വിവിധ അഗതി മന്ദിരങ്ങളിലെ അന്തേവാസികളും തോളൂർ പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളുമായി നാനൂറോളം പേർ യാത്രയിൽ പങ്കാളികളായി.12ന് ആനക്കോട്ടയിലെത്തിയ സംഘത്തെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ജീവധനം ഡിഎ കെ.എസ്. മായാദേവി തുടങ്ങിയവർ സ്വീകരിച്ചു.
ആനയഴകാസ്വാദിച്ചശേഷം പ്രത്യേകം തയാറാക്കിയ പന്തലിൽ സംഘാംഗങ്ങൾക്ക് ഉച്ചഭക്ഷണവും നൽകി. തുടർന്നാണ് സംഘം മടങ്ങിയത്.