പുലികളായി തടവുപുള്ളികൾ, ചുവടുവച്ച് വിദേശപുലിയും
1453130
Saturday, September 14, 2024 12:18 AM IST
വിയ്യൂർ: തടവറയ്ക്കുള്ളിലും ഓണാഘോഷത്തിന്റെ ആവേശം. പുലികളായി തടവുപുള്ളികൾ. കൂട്ടത്തിൽ ചുവടുവച്ച് വിദേശപുലിയും.
1100 തടവുകാരുളള വിയ്യൂർ സെൻട്രൽ ജയിലിലാണ് ഓണാഘോഷങ്ങളുടെ ഭാഗമായി പുലിക്കളിയും കുമ്മാട്ടികളും ഇറങ്ങിയത്. ത്യശൂരിന്റെ സ്വന്തം പുലിക്കളിയെ അനുസ്മരിക്കുന്ന തരത്തിൽ പുലിവേഷംകെട്ടിയായിരുന്നു പ്രകടനം.
വയറൻപുലികളും വേട്ടക്കാരനും കുമ്മാട്ടിയും ചെണ്ടമേളവും അടക്കം ഇരുപതോളംപേർ പുലിക്കളിയിൽ പങ്കെടുത്തു. തുടർന്ന് ഓരോ ബ്ലോക്കിലും പോയി സംഘം പുലിക്കളിപ്രകടനവും കാഴ്ചവച്ചു. വെനസ്വേലക്കാരനായ തടവുകാരനാണ് പുലിയായി ഓണാഘോഷത്തിൽ താരമായത്. തുടർന്നു വാശിയേറിയ വടംവലിമത്സരവും നടന്നു. മത്സരത്തിൽ വിജയിച്ച എഫ് ബ്ലോക്കിലെ അന്തേവാസികൾക്കു ചെങ്ങാലിക്കോടൻ നേന്ത്രക്കുലയാണ് സമ്മാനമായി ലഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി തിരുവോണനാളിൽ പൂക്കളമത്സരവും ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം ഫ്യൂഷൻ മ്യൂസിക് പ്രോഗ്രാമും ജയിലിൽ അരങ്ങേറിയിരുന്നു.