ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു
1436863
Thursday, July 18, 2024 1:37 AM IST
കുന്നംകുളം: പെരുമ്പിലാവ് - കുറ്റിപ്പുറം റോഡിൽ വളയംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ശക്തമായ കാറ്റിൽ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ശക്തമായ കാറ്റിൽ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നത്.
മൂന്നുപേർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നെങ്കിലും തകരുന്ന ശബ്ദ കേട്ട് തൊട്ടുടുത്തുള്ള ബിൽഡിംഗിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
എപ്പോഴും ആളുകൾ നിറയെ നിൽക്കുന്ന ഒരു കേന്ദ്രം കൂടിയായിരുന്നു ഇത് . ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. അസ്ഹബാ കോളജ്, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ എന്നിവരുടെ ആശ്രയമായിരുന്നു കാത്തിരിപ്പുകേന്ദ്രം.
കഴിഞ്ഞ ആറ് മാസത്തിലധികം കാലമായി കാത്തിരിപ്പുകേന്ദ്രം തകർച്ചയുടെ വക്കിലായിരുന്നു. നിരവധി തവണ നാട്ടുകാരും മറ്റും പരാതി പറഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാരുടെ പരാതിയുണ്ട്.
പയറുകൃഷി നശിച്ചു
പഴയന്നൂർ: എളനാട് ഓണവിപണി ലക്ഷ്യംവച്ച് സ്വാശ്രയ കര്‍ഷക സമിതിയിലെ ചേപ്പ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത പയറുകൃഷി നശിച്ചു. എളനാട് വിഎഫ്പിസികെയുടെ കീഴിലുള്ള ഇരുപതോളം കര്‍ഷകര്‍ക്കാണ് മഴ തിരിച്ചടിയായത്.
പരുത്തിപ്ര നന്നാര്പുഴ എന്‍.കെ. കുട്ടന്റെ കൃഷിസ്ഥലത്താണ് പാട്ടകൃഷിയിറിക്കിയത്. 17 ഏക്കറോളം പയറുകൃഷിയാണ് നാശത്തിന്റെ വക്കിലായത്. എല്ലാവര്‍ഷവും എളനാട് വിഎഫ്പിസികെയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൂടിയാണ് ചേപ്പ യൂണിറ്റ്.
പ്രാദേശിക കര്‍ഷക നേതാക്കളായ കെ.സി. ജോര്‍ജ്, എം. പൊന്നുമണി, കെ.എം. കൃഷ്ണന്‍കുട്ടി, കെ. കെ. സുന്ദരന്‍, വി.ആര്. മാധവന്, ടി.കെ. ജയ്സണ്‍ എന്നിവര്‍ കൃഷിസ്ഥലം സന്ദര്‍ശിച്ചു.
കാറ്റിൽ വീടിനു മുകളിൽ
തെങ്ങു വീണു
ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണു. മണത്തല ശ്രീചിത്ര ആയൂർവേദ ആശുപത്രിക്ക് സമീപം പൂക്കോട്ടിൽ ജ്യോതിഷ് കുമാറിന്റെ വീടിനു മുകളിലാണ് തെങ്ങ് ഒടിഞ്ഞ് വീണത്. ഭാഗികമായി കേട് പറ്റി . രാത്രിയാണ് സംഭവം. ആളപായമില്ല.
വീട്ടുകാരെ ദുരിതാശ്വാസ
ക്യാമ്പിലേക്കുമാറ്റി
പുതുക്കാട്: കനത്ത മഴയെ തുടര്‍ന്ന് പറപ്പൂക്കര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി. പഞ്ചായത്തില്‍ രണ്ടു ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു.
നെടുമ്പാള്‍ തീരദേശം, ജൂബിലിനഗര്‍, തൊട്ടിപ്പാള്‍ മാടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. ആറുപേരെ തൊട്ടിപ്പാള്‍ കെഎസ്യുപി സ്കൂളിലെ ക്യാമ്പിലേക്കും ഒമ്പതുപേരെ പന്തല്ലൂര്‍ ജനത യുപി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ കൂടുതല്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പറഞ്ഞു. പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളാണ് വെള്ളക്കെട്ട് നേരിടുന്നത്.
നന്തിക്കര സ്കൂള്‍, പോങ്കോത്ര സ്കൂള്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ സി. നാരായണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.വി. വേണുഗോപാല്‍, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, തൊട്ടിപ്പാള്‍ വില്ലേജ് ഓഫീസര്‍ പ്രീതി സതീശന് എന്നിവരും വെള്ളപ്പൊക്ക പ്രദേശങ്ങളും ക്യാമ്പും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഷട്ടറുകളില്‍ മരംതടഞ്ഞു
പുതുക്കാട്: ആറ്റപ്പിള്ളി പാലത്തിന്റെയും മാഞ്ഞാംകുഴി പാലത്തിന്റെയും ഷട്ടറുകളില്‍ മരവും മാലിന്യങ്ങളും വന്നടിഞ്ഞ് കുറുമാലിപ്പുഴയില്‍ ഒഴുക്ക് തടസപ്പെട്ടു. പുഴയില്‍വീണ മരമാണ് ഒഴുകിയെത്തി ഷട്ടറിന്റെ തൂണുകളില്‍ തടഞ്ഞത്. മരം തടഞ്ഞു നിന്നതോടെ ഒഴുകിയെത്തിയ മാലിന്യങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. പുഴയില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറില്‍ മാലിന്യം വന്നടിയുന്നതുമൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറാന്‍ സാധ്യതയേറെയാണ്. രണ്ട് റെഗുലേറ്ററിന്റെയും എല്ലാ ഷട്ടറുകളും ഉയര്‍ത്തിയാണ് നിലവില്‍ വെള്ളം തുറന്നുവിടുന്നത്.
ഷട്ടറില്‍ തടഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചു. ക്രയിന്‍ ഉപയോഗിച്ചാണ് മാലിന്യംനീക്കുന്നത്. പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ വീണ്ടും ഷട്ടറുകളില്‍ തടയുന്ന സാഹചര്യമാണുള്ളത്.