അമൃത് സിറ്റി മാസ്റ്റർ പ്ലാൻ : അനുമതി അഞ്ഞൂറിലേറെ പരാതികൾ നിലനിൽക്കേ
1436220
Monday, July 15, 2024 1:47 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷന്റെ അമൃത് സിറ്റി മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചതു ജനങ്ങളുടെ നൂറുകണക്കിനു പരാതികൾ നിലനിൽക്കേ. ഭൂരിപക്ഷം കൗണ്‍സിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയ മാസ്റ്റർ പ്ലാൻ, സർക്കാരിനെ സ്വാധീനിച്ചാണു പാസാക്കിയതെന്നും ആരോപണം.
പഴയ മാസ്റ്റർ പ്ലാനിൽനിന്നു മാറ്റമുണ്ടെന്ന് ഉറപ്പുനൽകിയാണ് അമൃത് മാസ്റ്റർ പ്ലാനിന്റെ കരട് സർക്കാരിലേക്ക് അയച്ചത്. കരട് അംഗീകരിച്ച സർക്കാർ പരാതിയുണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലേക്കു തിരിച്ചയച്ചു. കോർപറേഷൻ സെക്രട്ടറി മുഖാന്തിരം 580 പരാതികളാണ് സമർപ്പിച്ചത്. നൂറുകണക്കിനു പരാതികൾ മേയർക്കും കൗണ്‍സിലർമാർക്കും നേരിട്ടും ലഭിച്ചിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറിക്കു ലഭിക്കുന്ന പരാതികൾക്കു മാത്രമാണു രസീത് ലഭിക്കുക. ഇതുമാത്രമാണ് രേഖാമൂലമുള്ള പരാതിയായി നിലനിൽക്കുക.
ഈ പരാതികൾ പരിഗണിക്കാൻ ഓരോ വിഭാഗത്തിലും വർക്കിംഗ് ഗ്രൂപ്പുകളും സ്പെഷൽ കമ്മിറ്റികളും രൂപീകരിച്ചു. കോർപറേഷൻ പ്രതിപക്ഷനേതാവും ഉദ്യോഗസ്ഥരുമടക്കം ഉൾപ്പെടുന്നതാണ് സ്പെഷൽ കമ്മിറ്റി. എന്നാൽ, സ്പെഷൽ കമ്മിറ്റിയിൽ അജൻഡ വയ്ക്കാതെ തീരുമാനമെന്ന നിലയിൽ കോർപറേഷൻ ടൗണ്‍ പ്ലാനിംഗിലേക്ക് അയച്ചു. കമ്മിറ്റിയംഗങ്ങളുടെ ഒപ്പില്ലാതെ ടൗണ്‍ പ്ലാനിംഗിലേക്ക് അയച്ചതിൽ പ്രതിഷേധം നിലനിൽക്കെ കമ്മിറ്റിയംഗങ്ങളുടെ തീരുമാനപ്രകാരമെന്ന നിലയിൽ തിരുത്തിയ മാസ്റ്റർ പ്ലാൻ തയാറാക്കുകയായിരുന്നു.
ഔദ്യോഗികമായി ലഭിച്ച 580 പരാതികളിൽ പരിഹാരമുണ്ടാക്കിയെന്ന രേഖയുമുണ്ടാക്കി. നൂറുകണക്കിനു പേജുകളും ഭൂപടങ്ങളും ഉൾപ്പെടേണ്ട മാസ്റ്റർ പ്ലാനിനു പകരം ഏതാനും പേജുകൾമാത്രമാണ് തുടർന്നു കൗണ്‍സിലിൽ വച്ചത്.
ഇതു കോണ്‍ഗ്രസ് - ബിജെപി അംഗങ്ങൾ രേഖാമൂലം എതിർത്തു. സർക്കാരിലേക്ക് അയയ്ക്കുന്ന മാസ്റ്റർ പ്ലാനിന്റെ അസൽപകർപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കൗണ്‍സിൽ നടക്കുന്പോൾ കത്തും നൽകി. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാതെ കൗണ്‍സിൽ യോഗം പിരിച്ചുവിടുകയായിരുന്നു.
എന്നാൽ, രേഖാമൂലം കത്തുനൽകിയതിനാൽ പ്രതിപക്ഷ കൗണ്‍സിലർമാരുടെ വിയോജന കത്തടക്കമാണു മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് അയച്ചത്. ഇതാണു നിലവിൽ പാസായതെന്നും മാസ്റ്റർ പ്ലാനിൽ എന്തൊക്കെയാണു മാറ്റങ്ങൾ വന്നിട്ടുള്ളതെന്നു ഭൂരിപക്ഷം കൗണ്‍സിലർമാർക്കും വ്യക്തതയില്ലെന്നും ഡിടിപി പ്ലാൻ റദ്ദായെന്ന മേയറുടെ വിശദീകരണം തെറ്റാണെന്നും കൗണ്‍സിൽ അംഗീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു. മാസ്റ്റർ പ്ലാനിലെ മാറ്റങ്ങൾ എന്തെന്നു വ്യക്തമാകണമെങ്കിൽ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കണം. പഴയ പ്ലാനിനെ അപേക്ഷിച്ചു റോഡുകളുടെ വീതിയിലടക്കം മാറ്റമുണ്ടായിട്ടുണ്ടെന്നാണു സൂചന.