കൊടുങ്ങല്ലൂരിൽ ഇനി മാലിന്യങ്ങൾ വളമാകും
1429355
Saturday, June 15, 2024 1:31 AM IST
കൊടുങ്ങല്ലൂർ: മാലിന്യസംസ്കരണ രംഗത്ത് വീണ്ടും 90 ലക്ഷം രൂപയുടെ പദ്ധതികളുമായി കൊടുങ്ങല്ലൂർ നഗരസഭ.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ യന്ത്രസഹായത്തോടെ സംസ്കരിച്ച് വളമാക്കിമാറ്റുന്ന പദ്ധതി ടികെസ് പുരത്തെ പ്ലാന്റിൽ ആരംഭിച്ചു. ഇതിന് 20 ലക്ഷം രൂപയാണ് ചെലവ്. സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കൊണ്ടുവരുന്നതിന് നാലു വാഹനങ്ങൾ വാങ്ങിയതിന് 25 ലക്ഷം രൂപയാണ് ചെലവ്. കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന മൊബൈൽ പ്ലാന്റിന് 45 ലക്ഷം രൂപ ചെലവുവന്നു. ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും കമ്മിറ്റി രൂപീകരിച്ചു.
നഗരസഭ ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർപേഴ്സൺ ടി.കെ. ഗീത നിർവഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എൻ.കെ. വൃജ എന്നിവർ പ്രസംഗിച്ചു.