"ഉഡായിപ്പ്' കരാറുകൾ തയാറാക്കി കോർപറേഷൻ കടമുറി വ്യവഹാരം
1339559
Sunday, October 1, 2023 2:08 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: കോർപറേഷൻ കടമുറി വ്യവഹാരത്തിന് ഉടായിപ്പ് കരാറുകൾ തയാറാക്കി കരാർ മാഫിയകളുടെ വിളയാട്ടം. ചട്ടങ്ങൾ ലംഘിച്ച് തോന്നിയപോലെയാണു കരാറുകൾ കോർപറേഷനിൽ രജിസ്റ്റർ ചെയ്യുന്നത്. ഇതിനു ചില കൗൺസിലർമാരുടെയും ഉദേ്യാഗസ്ഥരുടെയും ഒത്താശയും.
കരാറെഴുതാനുള്ള മുദ്രപത്രത്തിൽ തുടങ്ങി എഴുത്തുഭാഷയിലും കരാർ തിയതിയിലും തുകയിലുമെല്ലാം അടിമുടി പിഴവുകളാണ്. കരാറെടുക്കുന്നയാളുടെ മേൽവിലാസംപോലും ശരിയായി രേഖപ്പെടുത്തുന്നില്ല. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് ഉദേ്യാഗസ്ഥർ രജിസ്റ്റർ ചെയ്തുകൊടുക്കുന്നത്.
ഒന്നു കണ്ണടച്ചാൽ പതിനായിരങ്ങൾ പോക്കറ്റിലിട്ടുകൊടുക്കാൻ കരാർ മാഫിയ തയാറാണ്. നടപ്പുവർഷത്തിലെ മുദ്രപത്രത്തിൽ രണ്ടും മൂന്നും വർഷങ്ങൾക്കുമുന്പേയുള്ള കരാറുകളാണ് എഴുതി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലാകട്ടെ കരാറുകാരന്റെ പേരും മേൽവിലാസവും ശരിയായി രേഖപ്പെടുത്താതെ സ്ഥലം ഒഴിച്ചിടുകയാണ്.
കരാർ തുകയും ഏതു കെട്ടിടത്തിലെ എത്രാംനന്പർ മുറിയാണെന്നും എന്തു വ്യാപാരമാണെന്നു പോലും ഇല്ല. ഉദ്യോഗസ്ഥർ ഇതൊന്നും പരിശോധിക്കാതെ കരാർ മാഫിയകളുടെ കുഴലൂത്തുകാരാവുകയാണ്. കരാറുകൾ പുതുക്കിനല്കാൻ തയാറാകാത്ത ഉദേ്യാഗസ്ഥരെ ചില കൗൺസിലർമാരുടെ നേതൃത്വത്തിൽ കരാർ മാഫിയകൾ ഭീഷണപ്പെടുത്തുന്നതായും പറയുന്നു.
നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള കോർപറേഷൻ കെട്ടിടങ്ങളിലെ മുറികൾ വാടകയ്ക്കു കിട്ടണമെങ്കിൽ കരാർ മാഫിയകളെ സമീപിക്കേണ്ട ഗതികേടാണ്. തുച്ഛമായ വാടകയ്ക്കു വ്യാപാരികൾക്കു കിട്ടേണ്ട കടമുറികൾ വൻ വാടകയ്ക്കാണ് കരാർ മാഫിയകൾ മറിച്ചുവിൽക്കുന്നത്.
വർഷങ്ങൾക്കുമുന്പേ വാടകയ്ക്ക് എടുത്തവർ വ്യാപാരം അവസാനിപ്പിച്ചു പോയെങ്കിലും അവരുടെ പേരിൽതന്നെ കടമുറികൾ മറിച്ചുവിൽക്കുകയാണ്. അവർപോലും അറിയാതെയാണു തിരിമറികൾ നടക്കുന്നത്. നിരവധി കടമുറികളാണ് വർഷങ്ങളായി കരാർ മാഫിയകൾ കൈവശപ്പെടുത്തിയിരിക്കുന്നത്.
വർഷങ്ങൾക്കുമുന്പ് ഇലക്്ട്രോണിക്സ് സ്ഥാപനം നടത്താൻ കോർപറേഷൻ അനുവദിച്ച കടമുറിയിൽ നിലവിൽ തുണിക്കച്ചവടവും മറ്റുമാണു നടക്കുന്നത്.
ഇത്തരത്തിലുള്ള പലർക്കും ജിഎസ്ടി രജിസ്ട്രേഷൻ കിട്ടാതെ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഇത്തരം കടമുറികളിൽ ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന കടകളെകുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.