കുഴിയടയ്ക്കൽ പരാജയം; ആൽപ്പാറ വീണ്ടും അപകടമേഖല
1339161
Friday, September 29, 2023 1:38 AM IST
പട്ടിക്കാട്: പീച്ചിഡാം റോഡിൽ ആൽപ്പാറ സെന്റർ വീണ്ടും അപകടമേഖലയായി മാറി. പ്രദേശത്ത് നടത്തിയ കുഴിയടയ്ക്കൽ പരാജയപ്പെട്ടതോടെ റോഡിലെ കുഴികൾ വീണ്ടും അപകടക്കെണിയായി മാറിയിട്ടുണ്ട്. മുൻപ് നിരവധി ഇരുചക്രവാഹന യാത്രക്കാർ ഇവിടെ അപകടത്തിൽ പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മലയോരഹൈവേ നിർമാണ കമ്പനി ജീവനക്കാർ ആൽപ്പാറ സെന്ററിൽ താത്കാലിക കുഴിയടയ്ക്കൽ നടത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ ഇവയെല്ലാം വീണ്ടും ഇളകിപ്പോകാൻ തുടങ്ങി. മാത്രമല്ല ഈ ഭാഗത്ത് അശാസ്ത്രീയമായി നടത്തിയ ടാറിംഗ് വലിയ വെള്ളക്കെട്ടിനും വഴിയൊരുക്കി. ഇതോടെ മഴ തുടങ്ങിയാൽ റോഡിലെ കുഴികൾ കാണാൻ സാധിക്കാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്.
സ്ഥിരമായി ഇതുവഴി കടന്നുപോകുന്ന പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തി മാത്രമേ മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങൾ തുടരാവൂ എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.