മനുഷ്യനും പ്രകൃതിയും തമ്മിൽ ലയമുണ്ടായാലേ ലോകത്തെ രക്ഷിക്കാനാകൂ: കെ. സച്ചിദാനന്ദൻ
1337106
Thursday, September 21, 2023 1:22 AM IST
ഇരിങ്ങാലക്കുട: മനുഷ്യനും പ്രകൃതിയും തമ്മിൽ ലയമുണ്ടായാലേ ലോകത്തെ രക്ഷിക്കാനാകൂവെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദൻ.
ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിതവ്യയത്തോടെ കഴിഞ്ഞുകൂടാനുള്ള സാധനങ്ങളെല്ലാം ലോകത്തുണ്ട്. അത്യാഗ്രഹത്തോടെ നാം അവയെ ദുരുപയോഗിക്കുമ്പോഴാണ് പ്രാണവായുവിന്റെ പ്രഭവകേന്ദ്രങ്ങൾവരെ ഇല്ലാതാകുന്നത്. വായന ബുദ്ധിയുടെ വികാസത്തിനും വ്യക്തിത്വ രൂപീകരണത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോണ്‍ ബോസ്കോ റെക്ടറും സ്കൂള്‍ മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സാഹിത്യരംഗത്ത് പ്രശസ്തരായ സി. രാവുണ്ണി, എസ്.കെ. വസന്തന്, പ്രതാപ് സിംഗ്, വൈശാഖന് തുടങ്ങിയവരെ ആദരിച്ചു. രക്ഷിതാക്കളിലെ എഴുത്തുകാരായ അരുണ്‍ ഗാന്ധിഗ്രാം, വി.വി. ശ്രീല, പോള്‍ സെബാസ്റ്റ്യന്‍, സിന്റി സ്റ്റാന്‍ലി എന്നിവരേയും ആദരിച്ചു.
ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. മനു പീടികയില്‍, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഓമന, ജൂബിലി ജനറൽകണ്‍വീനര്‍ ജോസ്പോള്‍ തളിയത്ത്, ലൈസ സെബാസ്റ്റ്യന്‍, ടെല്‍സണ്‍ കേട്ടോളി, ശിവപ്രസാദ്, സെബി മാളിയേക്കല്‍, ശ്രീകല ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകമേള ഇന്നു സമാപിക്കും.