പെരിയാർ തീരത്തെ പുറന്പോക്ക് കൈയേറി ആറ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചു
1454593
Friday, September 20, 2024 3:36 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി ആറ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചതിനെ ചൊല്ലി പരസ്പരാരോപണവുമായി ഭരണകക്ഷിയംഗങ്ങളും സർക്കാർ വകുപ്പുകളും. തർക്കം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ കൈയേറിയ ഭൂമി ചൂർണിക്കര പഞ്ചായത്ത് തുണി വച്ച് അടച്ചു കെട്ടി.
ഈ വിഷയത്തിൽ പഞ്ചായത്ത് നിലപാട് എടുക്കാനായി ഇന്ന് വൈകിട്ട് നാലിന് അടിയന്തര കമ്മിറ്റി കൂടുമെന്ന് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു. റവന്യൂ ഭൂമിയിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചത് പഞ്ചായത്തിന്റെ അറിവോടെയല്ലെന്നാണ് പ്രസിഡന്റ് രാജി സന്തോഷിന്റെ നിലപാട്.
ദേശീയപാതയിൽ ഗാരേജിന് സമീപമായി കോടികൾ വിലമതിക്കുന്ന 40 സെന്റ് ഭൂമി കൈയേറിയാണ് ആറ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ എടുത്തത്. കെഎസ്ആർടിസി ഗാരേജിനും ഐശ്വര്യ നഗറിനും ഇടയിലുള്ള റോഡ് അവസാനിക്കുന്ന പെരിയാറിന്റെ തീരത്തുമാണ് പട്ടാപ്പകൽ കൈയേറ്റം നടന്നത്.
എന്നാൽ നിർദ്ദിഷ്ട സ്ഥലം റവന്യൂ വകുപ്പിന്റേതാണെന്നും പോസ്റ്റുകൾ സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നുമാണ് ചൂർണിക്കര വില്ലേജ് ഓഫീസർ അമ്പിളി പറയുന്നത്. ഈ മേഖലയിലെ കാട് പെട്രോൾ ഉപയോഗിച്ച് കഴിഞ്ഞ മാർച്ച് 26 ന് കത്തിച്ചിരുന്നു. അന്ന് ഫയർഫോഴ്സ് വന്നാണ് തീ കെടുത്തിയത്.
സംഭവം വിവാദമായതോടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് പ്രശ്നത്തിൽ നിന്ന് തലയൂരാനാണ് കെഎസ്ഇബിയുടെ ശ്രമം. അപേക്ഷൻ സമർപ്പിച്ച രൂപരേഖ പ്രകാരമാണ് വൈദ്യുതി പോസ്റ്റുകൾ ഇട്ടതെന്നാണ് കെഎസ്ഇബിയുടെ നിലപാട്. ആദ്യം പലരും വന്ന് തടഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ വരാത്തതിനാൽ കണക്ഷൻ നൽകിയെന്ന ന്യായമാണ് കെഎസ്ഇബി പറയുന്നത്.
ഇതിനിടയിൽ ഭരണകക്ഷിയംഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ ഭരണ നേതൃത്വം ഒത്താശ ചെയ്ത് 40 സെന്റ് ഭൂമി അന്യാധീനപ്പെടുത്തിയിരിക്കുകയാണെന്നാണ് വാർഡംഗം റൂബി ജിജി ആരോപിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി, കെഎസ്ഇബി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമില്ലെന്നും വാർഡംഗം പറഞ്ഞു.
ഈ വിഷയം ചർച്ച ചെയ്യാൻ 25 ന് പഞ്ചായത്ത് കമ്മറ്റി വിളിച്ചിരുന്നെങ്കിലും വിവാദമായതോടെ ഇന്ന് അടിയന്തിര കമ്മിറ്റി കൂടി പ്രശ്നം പരിഹരിക്കാനാണ് ചൂർണിക്കര പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇതിനിടയിൽ പഞ്ചായത്ത് വാർഡംങ്ങൾ കൈയേറ്റക്കാരനുമായി ഒത്തുതീർപ്പ് ശ്രമം നടത്തുന്ന വീഡിയോ പുറത്തുവിടുമെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്.