റെയിൽവേ സ്റ്റേഷനിൽ നിന്ന് വയോധികയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
1591743
Monday, September 15, 2025 4:00 AM IST
കൊച്ചി: സൗഹൃദം നടിച്ചെത്തി സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വയോധികയുടെ മൂന്നു പവന്റെ മാല കവർന്ന യുവാവ് അറസ്റ്റിൽ. കൂത്താട്ടുകുളം തിരുമാറാടി കാക്കൂർ മാങ്കൂട്ടത്തിൽ അഖിൽ അഗസ്റ്റി(32)നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 13ന് ഉച്ചയോടെയായിരുന്നു സംഭവം. ചെന്നിത്തല സ്വദേശിയായ വയോധിക വീട്ടിലേക്ക് പോകുന്നതിനായി സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിനടുത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുന്നതുകണ്ട് പ്രതി സൗഹൃദം നടിച്ച് അടുത്തുകൂടുകയും വയോധികയുടെ ബാഗ് വാങ്ങി പിടിച്ച ശേഷം രണ്ടാംനമ്പർ പ്ലാറ്റ് ഫോമിലേക്ക് നടക്കുന്നതിനിടെ ഇവരുടെ രണ്ടു മാലകൾ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ എറണാകുളത്തേക്ക് പോന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റിലയിൽ നിന്ന് പിടികൂടുകയായിരുന്നു. റെയിൽവേ പോലീസ് സ്റ്റേഷനിലെ ഡാൻസാഫ് അംഗങ്ങളായ ദിനിൽ, തോമസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.