തിരുവാങ്കുളം ബണ്ട് റോഡ് നിർമാണം : പുതുക്കിയ ഭരണാനുമതി ലഭിച്ചെന്ന് എംഎൽഎ
1591746
Monday, September 15, 2025 4:11 AM IST
തിരുവാങ്കുളം: ചിത്രപ്പുഴ-മാമല തിരുവാങ്കുളം ബണ്ട് റോഡ് നിർമിക്കുവാൻ വേണ്ടി കിഫ്ബിയിലുൾപ്പെടുത്തി 75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പ്രവർത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചെന്ന് അനൂപ് ജേക്കബ് എംഎൽഎ. പദ്ധതി പ്രദേശത്തെ കൊച്ചി -സേലം ഗ്യാസ് പൈപ്പ് ലൈനിനെ ബാധിക്കാതെ അലൈൻമെന്റ് നിർണയിക്കാൻ കളക്ടറുടെ അധ്യക്ഷതയിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
നിലവിൽ ഇട്ടിരിക്കുന്ന അലൈൻമെന്റ് ആവശ്യമുള്ള സ്ഥലങ്ങളിൽ വീണ്ടും പുന:ക്രമീകരിക്കാൻ യോഗത്തിൽ ധാരണയായി. ഇതിനായുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ ആരംഭിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ഗ്യാസ് പൈപ്പ് ലൈൻ റോഡിന്റെ ഒരു സൈഡിലേക്ക് മാറി വരുന്ന നിലയിലാണ് ഇപ്പോൾ പുതിയ അലൈൻമെന്റ് നിർണയിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള അലൈൻമെന്റിൽ നിന്ന് ചെറിയ മാറ്റങ്ങൾ മാത്രമേ വരാനിടയുള്ളുവെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. അലൈൻമെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ ഡിസൈനും ഡിപിആറിനും നൽകാനും അതിന് കിഫ്ബിയിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തികൾക്ക് ടെൻഡർ ചെയ്യാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.
യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, കെ.വി. സാജു, റോയി തിരുവാങ്കുളം, എൽസി പി.കുര്യൻ, സി.കെ. ഷിബു, സി.എ. ബെന്നി എന്നീ കൗൺസിലർമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും കെആർഎഫ്ബി എൻജിനിയർമാരും പങ്കെടുത്തു.